കൊടുങ്ങല്ലൂർ: നഗരത്തിലെ വെള്ളി ആഭരണ ജ്വല്ലറിയിൽ കവർച്ച. 20 കിലോ വെള്ളി നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ തെക്കേനടയിലെ കർണകി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. പൂട്ടിക്കിടക്കുന്ന കടയുടെ മുകൾതട്ടിലെ പലക ഒരാൾക്ക് കടക്കാവുന്നവിധം അറുത്ത് മാറ്റിയശേഷമാണ് മോഷ്ടാവ് ജ്വല്ലറിക്ക് അകത്തുകടന്ന് കവർച്ച നടത്തിയിട്ടുള്ളത്.
ഇന്നുരാവിലെ കടയുടമ പുല്ലൂറ്റ് മൂലേക്കാട്ടിൽ വിനോദും ഭാര്യയും കട തുറന്നപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. ജ്വല്ലറിയുടെ മുൻഭാഗത്ത് ഗ്ലാസ് ഇട്ടതാണ്. കൊടുങ്ങല്ലൂർ പോലീസിൽ വിവരം നൽകിയതിനെത്തുടർന്ന് അന്വേഷണസംഘം പരിശോധ നടത്തിവരികയാണ്. വിരലടയാള വിദഗ്ധർ എത്തിയശേഷമേ കൂടുതൽ വിവരങ്ങൾ അറിയൂ. രണ്ടുനില കെട്ടിടത്തിലാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്.