കൊട്ടാരക്കര: ജ്യൂവല്ലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിലിട്ട് പീഡിപ്പിച്ച ഉടമയ്‌ക്കെതിരേ നടപടിയില്ല. ഇതില്‍ മനംനൊന്ത് യുവതി ഓയൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും കുമരകം സ്വദേശിയായ യുവതി ആരോപിച്ചു. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ മണിഗ്രാം ജ്യൂവലറിയില്‍ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സ്വര്‍ണം അപഹരിച്ചെന്ന കുറ്റം ചാര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്ദുല്‍ഖാദറിനെ (84) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. പീഡനം നടക്കുന്നതിന് ആറുമാസം മുമ്പാണ് വിവാഹിതയും 28 വയസുകാരിയുമായ യുവതി ജോലിയ്‌ക്കെത്തുന്നത്. കടയുടെ മുകളിലത്തെ മുറിയില്‍ ദില്‍ഷാദ് പലതവണ പീഡനത്തിനിരയാക്കിയെന്നു യുവതി മൊഴി നല്‍കിയിരുന്നു. യുവതിക്ക് ലാന്‍ഡ് ഫോണില്‍ നിന്ന് പൊലീസിനെ ബന്ധപ്പെടാന്‍ അവസരം ലഭിച്ചതോടെയാണ് സംഭവം പുറം ലോകത്ത് എത്തിയത്. തുടര്‍ന്ന് പോലീസെത്തി മോചിപ്പിക്കുകയായിരുന്നു.
പിന്നീട് യുവതിയെ കടയുടമ എഴുകോണ്‍ നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്കു മാറ്റിയെന്നു പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ദില്‍ഷാദ്, ഇയാളുടെ സുഹൃത്ത് കൊട്ടാരക്കര ബാറിലെ അഭിഭാഷക വെളിയം സ്വദേശിനി ഷൈലജ ശ്രീകുമാര്‍, ദില്‍ഷാദിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി എഴുകോണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹിളാമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്നു യുവതി ഇന്നലെ ജ്യൂവലറിക്ക് മുമ്പിലെത്തി സത്യഗ്രഹം തുടങ്ങുകയായിരുന്നു. ഉടമയുടെ കുടുംബവീട്ടില്‍ വച്ച് അബ്ദുല്‍ഖാദറിന്റെ സഹായത്തോടെ വീണ്ടും പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ജൂവലറിയില്‍ നിന്നു സ്വര്‍ണം അപഹരിച്ചെന്നു കാട്ടി കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഈ പരാതി തേച്ചു മാച്ച് കളയാന്‍ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. ഇതില്‍ പ്രതിഷേധവുമായാണ് യുവതി സത്യാഗ്രഹത്തിന് എത്തിയത്. പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ പിന്നീട് കൊട്ടാരക്കര വനിത ഹെല്‍പ് ലൈനിലേക്ക് മാറ്റി. പൊലീസിന് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പെണ്‍കുട്ടി രണ്ട് മൂന്ന് തവണ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചുവെന്ന് പൊലീസ് തന്നെ പറയുന്നു. ബലാല്‍സംഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യം നടന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.കേസെടുത്ത് അന്വേഷണം നടത്തുകയും പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രതികള്‍ പിന്നീട് ജാമ്യമെടുക്കുകയും ചെയ്തു. കേസ് നടക്കുന്ന സമയത്ത് കുമരകത്ത് നിന്നും പെണ്‍കുട്ടിയടെ വീട്ടുകാരെത്തിയെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചുവെന്നും പൊലീസ് പറയുന്നു. നഴ്സിങ്ങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി വിവിധ സ്വകാര്യ കമ്പനികളില്‍ റിസപ്ഷനിസ്റ്റ് ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്ത് വന്നിരുന്നതായും പല സ്ഥലത്തും ഇവര്‍ക്ക് കേസുകളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അവിവാഹിതയായ ഇവര്‍ക്ക് ഒരു പ്രണയത്തില്‍ ഒരു കുട്ടി ജനിച്ചിട്ടുണ്ടെന്നും കുട്ടി ഇപ്പോള്‍ ഒരു അനാഥാലയത്തിലാണെന്നും പൊലീസ് പറയുന്നു.