പഴയങ്ങാടി/തളിപ്പറന്പ്: പട്ടാപ്പകൽ പഴയങ്ങാടിയിലെ ജ്വല്ലറി കുത്തിതുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഭവത്തിൽ മാട്ടൂലിലെ കവര്‍ച്ചാസംഘം നിരീക്ഷണത്തിൽ.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച ചില സൂചനകള്‍ അടിസ്ഥാനത്തിലാണ് മാട്ടൂലിലെ കവർച്ചാസംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
ഇന്നലെ പട്ടാപ്പകൽ ജനത്തിരക്കേറിയ പഴയങ്ങാടി ബസ്സ്റ്റാൻഡിലെ ജ്വല്ലറിയിൽ കവർച്ച നടന്നത് സിനിമാതിരക്കഥയെ പോലും വെല്ലുന്ന രീതിയിലായിരുന്നു. ജുമാ നിസ്കാരത്തിനായി അൽ ഫാത്തിബി ജ്വല്ലറി പൂട്ടി ജീവനക്കാർ പോയി തിരികെയെത്തിയപ്പോൾ ജ്വല്ലറിയിൽ നിന്നും മൂന്നരക്കിലോ സ്വർണവും ഒന്നരലക്ഷം രൂപയും വിലപ്പെട്ട രേഖകകളുമാണ് മോഷണം പോയത്. അൽ ഫാത്തിബി ജ്വല്ലറി ഉടമ പി.എം ഇബ്രാഹിമാണ് പോലീസിനെ വിവരമറിയിച്ചത്.
പിടിക്കപ്പെടാതിരിക്കാൻ സിസി ടിവി കാമറയുടെ ഹാർഡ് ഡിസ്ക്ക് അടക്കമുള്ളവ എടുത്താണ് മോഷണസംഘം കടന്ന് കളഞ്ഞത്. കവർച്ച നടത്താനുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നത് മാടായിപ്പാറ കേന്ദ്രീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ് മണം പിടിച്ച് ചെന്നത് ഒന്നരക്കിലോമീറ്റർ അകലെയുള്ള മാടായി കോളജിലേക്കാണ്.
ഇതിനകത്ത് കടന്ന നായ കാന്റീൻ പരിസരത്താണ് ചെന്ന് നിന്നത്. സംശയാസ്പദമായ രീതിയിൽ അപരിചിതരായ രണ്ട് യുവാക്കൾ കോളജിന്റെ മുൻവശത്ത് എത്തിയത് കോളജിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.ഇതിൽ ഒരാൾ ഇവിടെ നിന്ന് കാൽ കഴുകുന്നതായും കണ്ടവരുണ്ട്.
കവർച്ചയിൽ രണ്ട് അംഗങ്ങൾ കടയിൽ കവർച്ച ചെയ്യുമ്പോൾ ബാക്കി രണ്ട് പേർ മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ഇവർക് നിർദേശങ്ങൾ നൽകുകയും സ്ഥലത്തെ നിരീക്ഷികയും ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം.മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സമീപത്തെ സിസി ടിവി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞത് വ്യക്തമല്ലാത്തത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.സമീപത്തെ ബാര്‍ബര്‍ഷോപ്പിലെ സിസിടിവി കാമറയില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും എടിഎം കൗണ്ടറിലെ കാമറയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. ഈ കാമറ പരിശോധിക്കുന്നതിന് പോലീസ് ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, തളിപ്പറമ്പ് സിഐ കെ.ജെ.ബിനോയ്, പഴയങ്ങാടി എസ്ഐ ബിനു മോഹൻ, എഎസ്ഐ സുധീഷ് കൂടാതെ എസ്പിയുടെ സ്പെഷ്ൽ സ്ക്വാഡ്, ക്രൈം സ്ക്വാഡ് എന്നിവരുടെ കീഴിലാണ് അന്വേഷണം. പഴയങ്ങാടിയിൽ ഇതിന് മുൻപ് നടന്ന മോഷണവും ജയിലിൽ നിന്ന് പരോളിലും അല്ലാതെയും ഇറങ്ങിയ പ്രതികളും നിരീക്ഷണത്തിലാണെന്ന് ഡിവൈഎസ്പി പറഞ്ഞു.