ടെലിവിഷന്‍ രംഗത്ത് നിന്ന് അഭിനയരംഗത്ത് എത്തിയ നടിയാണ് ജൂവല്‍ മേരി. അവതാരകയാവുന്നതിന് മുമ്പു നഴ്സ് ആയിരുന്ന ജ്യൂവല്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ മനസ് തുറക്കുകയാണിപ്പോള്‍.
ഏത് പ്രായത്തിലുള്ള വേഷം ചെയ്യാനും തനിക്ക് മടിയില്ലെന്നും ഇതുവരെ കിട്ടിയതില്‍ സംതൃപ്തയാണെന്നും ജ്യൂവല്‍ പറയുന്നു.
സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വച്ച് തന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല.
നല്ല സെന്സുള്ള ഒരു കാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ തയാറായാണ്.
പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയില്‍ തന്നെ ഞാന്‍ 60 വയസുള്ള ആളായി അഭിനയിച്ചിട്ടുണ്ടല്ലോ.
ഞാനും ജെന്‍സണും നല്ല സുഹൃത്തുകളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ജെന്‍സനോട് വീട്ടില്‍ വന്ന് ആലോചിക്കാന്‍ പറഞ്ഞു.
വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. പിന്നെ ഒരു വര്‍ഷം ഞങ്ങള്‍ സ്വസ്ഥമായി പ്രണയിച്ചു. അതു കഴിഞ്ഞ് കല്യാണം.
ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് ആയിരുന്നുവെന്ന് പറയാം. ജെന്സന് ഇപ്പോള്‍ ലാലേട്ടന് സംവിധാനം ചെയ്യുന്ന ബറോസില്‍ ജിജോ സാറിന്റെ അസോസിയേറ്റായി ജോലി ചെയ്യുകയാണ്.
ജിജോ സാറാണ് ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്. ഞാനൊരു സാധാരണ ഭാര്യയാണ്. ഞങ്ങള്‍ രണ്ടു പേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരായത് കൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം മനസിലാകും.
എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ജെന്സന്. സിനിമയായാലും ഷോ ആയാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാള്‍. എല്ലാവര്ക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെന്സന് ഉപദേശിക്കാറുമുണ്ട്.
പുറമേ കാണുമ്പോള്‍ ഒരുപാട് ആത്മവിശ്വാസമുള്ള ആളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി.
സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാന്‍ തുടങ്ങി. ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കില്‍ പറയാം.
ഇപ്പോള്‍ സ്വത്വം തിരിച്ചറിഞ്ഞ പോലെ ഞാന്‍ എന്നിലെ സ്ത്രീയെ തിരിച്ചറിയാന്‍ തുടങ്ങി. നാളെ എന്തെന്നറിയാത്തതിനാല്‍ ഇന്ന് കിട്ടുന്നതില്‍ ആഹ്ലാദിക്കാന്‍ പഠിച്ചു- ജ്യൂവല്‍ പറഞ്ഞു.