ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ ഒരു പേരു കൊണ്ടു പുലിവാലു പിടിച്ചവര്‍ ഒട്ടനവധിയുണ്ട്.
ഇപ്പോഴിതാ ഒരു പൂവിന്റെ പേരിന്റെ നാമത്തില്‍ മറുപടി നല്കി വലഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ ജൂവല്‍ മേരി.
ടെലിവിഷനിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ജൂവല്‍ മേരി. പിന്നീട് സിനിമയിലെത്തുകയും മമ്മൂട്ടിയുടെ നായികയായി വരെ അഭിനയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജൂവല്‍ മേരി പങ്കുവച്ചൊരു ചിത്രവും അതിന് നല്കിയ ക്യാപ്ഷനുമാണ് താരത്തിന് തലവേദനയായി മാറിയത്. തന്റെ തന്നെ മനോരഹരമായൊരു ചിത്രമായിരുന്നു ജൂവല്‍ മേരി പങ്കുവച്ചിരിക്കുന്നത്.
സാരിയണിഞ്ഞ് പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അതിസുന്ദരിയായാണ് ജൂവല്‍ എത്തിയത്. ചിത്രത്തിന് ജൂവല്‍ നല്കിയ ക്യാപ്ഷന്‍ നന്പ്യാര്വട്ട പൂവ് പോലെ ആണ് സ്നേഹിക്കപ്പെടുന്ന സ്ത്രീ. അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും എന്നായിരുന്നു.
മാധവിക്കുട്ടിയുടെ വരികളായിരുന്നു ജൂവല്‍ തന്റെ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കാനായി തെരഞ്ഞെടുത്തത്. ഇതാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
പൂവിന്റെ പേര് നമ്പ്യാര്‍വട്ടം എന്നാണോ അതോ നന്ത്യാര്‍വട്ടം എന്നാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നിരവധി പേരാണ് പൂവിന്റെ പേരിനെ ചൊല്ലി തകര്‍ക്കവുമായി എത്തിയത്.
പൂവിന്റെ ശരിയായ പേര് നന്ത്യാര്‍വട്ടമാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മാധവിക്കുട്ടി നല്കിയ പേര് തന്നെ വയ്ക്കുന്നതാണ് നല്ലതെന്ന് മറ്റ് ചിലര്‍ പറഞ്ഞു. ഇതിനിടെ നന്ത്യാര്‍വട്ടം എന്നതല്ല ശരി, നന്ദ്യാര്വട്ടമാണെന്ന് ചൂണ്ടിക്കാണിച്ചും ചിലരെത്തി.
രസകരമായ നിരവധി കമന്റുകള്‍ ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നമ്പ്യാരും നന്ദ്യാരുമല്ല നായര്‍വട്ടമാണെന്നായിരുന്നു ഒരു കമന്റ് ക്രിസ്ത്യന്‍വട്ടം, മുസ്ലീംവട്ടം, ചാക്യാര്‍വട്ടം, മാപ്പിളവട്ടം എന്നിങ്ങനെ പല വട്ടങ്ങളുണ്ടെന്നായിരുന്നു ഈ കമന്റിന് ലഭിച്ച ഒരു മറുപടി.
ഇതിനിടെ ഈ ചെടി നട്ടത് തങ്ങളാണെന്ന് പറഞ്ഞ് പേരില്‍ നമ്പ്യാരുള്ളവര് മുതല്‍ തിലകന്റെ അനന്തന് നമ്പ്യാര്‍ വരെ കമന്റിലെത്തുകയും ചെയ്തു.
ചര്‍ച്ച പലവഴിക്ക് പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ജൂവല്‍ മേരി തന്നെ രംഗത്ത് എത്തി. മാധവിക്കുട്ടിയുടെ വരികളുടെ ഒരു ചിത്രം പങ്കുച്ചായിരുന്നു ജൂവല്‍ രംഗത്ത് എത്തിയത്.
ഇതില്‍ നമ്പ്യാര്വട്ടപ്പൂവ് എന്നാണ് എഴുതിയിരിക്കുന്നത്. ഇനി പറയൂ യഥാര്‍ഥ കൃതിയില്‍ എന്താണ്? അറിയാന്‍ ഒരു കൗതുകം. മാധവി കുട്ടിയമ്മയുടെ എഴുത്തല്ലേ അമ്മ എന്തായിരുന്നു വിളിച്ചിരുന്നത് എന്ന് നോക്കാം എന്നും താരം പറഞ്ഞു.
ചര്‍ച്ച വീണ്ടും നീണ്ടുപോയതോടെ കമന്റിലൂടെ ജൂവല്‍ വീണ്ടും പ്രതികരിച്ചു. എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും, നിങ്ങളുടെ കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി.
ആ പൂവിനെ പല നാട്ടില്‍ പല പേരാണ്. ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട് ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല! എല്ലാവര്ക്കും ശുഭദിനം നേരുന്നു എന്നായിരുന്നു ജുവല്‍ മേരിയുടെ പ്രതികരണം.