സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്മാര്‍ അത് എവിടെയങ്കിലും മറിച്ചുവിറ്റ് കാശാക്കാനാണ് ശ്രമിക്കുക.
എന്നാല്‍ മോഷ്ടിച്ചസ്വര്‍ണം, വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികള്‍ പിടിയിലായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ദാവണഗെരെ സ്വദേശി സി വി മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗലൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പിടിയിലായ നാഗ നായിക് മംഗലൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വിവിധ വീടുകളില്‍നിന്നും ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിച്ച 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.
ആഭരണങ്ങളും പൂജാസാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.
അശോക് നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഓട്ടോഡ്രൈവറായിരുന്ന മാരുതി, നാഗ നായിക്കുമായി കൂട്ടുകൂടിയതോടെയാണ് വന്‍ കവര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
മോഷ്ടിക്കുന്ന ആഭരണങ്ങളും സ്വര്‍ണപ്പാത്രങ്ങളും മറ്റും രൂപമാറ്റംവരുത്തി വില്‍ക്കാനാണ് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ജ്വല്ലറി തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
മോഷണ മുതലുകള്‍ സംശയിക്കാത്ത തരത്തില്‍ ഇവിടെ സൂക്ഷിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ പോയ അശോക് നഗറിലെ വീട്ടുടമ നവംബര്‍ 12ന് തിരിച്ചെത്തിയപ്പോഴാണ് ജനലും വാതിലും തകര്‍ത്ത് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.
പരിശോധിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 6.86 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.
തുടര്‍ന്ന് ഉര്‍വ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.