സെരായ്കേല (ജാർഖണ്ഡ്): മോട്ടോർസൈക്കിൾ മോഷ്ടിച്ചുവെന്നാരോപിച്ച് സെരായ്കേലയിൽ 22കാരനായ തബ്രേസ് അൻസാരിയെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നു കണ്ടെത്തിയ പത്തുപേരെയും 10 വർഷം കഠിനതടവിനു ശിക്ഷിച്ചു. സെരായ്കേല അഡിഷണൽ സെഷൻസ് കോടതിയുടെതാണു വിധി.
2019 ജൂൺ 17നു മോഷണം ആരോപിച്ചു പിടികൂടിയ അൻസാരിയെ ജനക്കൂട്ടം ഏഴു മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു.
ജൂൺ 22നു പുലർച്ചെ തബ്രീസ് അൻസാരി ആശുപത്രിയിൽ വച്ചാണു മരിച്ചത്. മർദനത്തിടെ അൻസാരിയെക്കൊണ്ട് ജയ് ശ്രീരാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
13 പേരാണു വിചാരണ നേരിട്ടത്. രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒരാൾ വിചാരണക്കാലയളവിൽ മരിച്ചു.