ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്ന് അഞ്ചു വനിതകളെ തട്ടിക്കൊണ്ടു പോയി തോക്കിൻമുനയിൽ നിർത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുറ്റവാളികളെക്കുറിച്ചു വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മനുഷ്യക്കടത്ത് ഏറ്റവും രൂക്ഷമായിരിക്കുന്ന ജാർഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവമുണ്ടായത്.
ആശാ കിരണ്‍ എന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന 20നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്കുനേരേയാണ് അതിക്രമം ഉണ്ടായത്. സ്ഥലത്തെ ക്രൈസ്തവ സഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ആശാ കിരണ്‍. തട്ടിക്കൊണ്ടു പോയ വനിതകൾക്കൊപ്പമുണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളെ സംഘം വെറുതെ വിട്ടിരുന്നു. ചൊവ്വാഴ്ച യാണു സംഭവം.
ബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിക്കുന്പോഴാണ് അക്രമികൾ ഇവരെ തോക്കിൻമുനയിൽ ബലാത്സംഗത്തിനിരയാക്കിയത്. നാടകം അവസാനിച്ചപ്പോൾ തൊട്ടടുത്തുള്ള ആർസി മിഷൻ സ്കൂളിലേക്കു പോയ ടീമിലെ അഞ്ച് പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു.
പുരുഷൻമാരെയെല്ലാം അടിച്ച് ഓടിച്ചശേഷം സ്ത്രീകളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് മൂന്നു മണിക്കൂറിന് ശേഷം സ്ത്രീകളെ കാട്ടിൽ ഉപേക്ഷിച്ചു. അക്രമികൾ മാനഭംഗം ചെയ്യുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പുറത്തു പറഞ്ഞാൽ ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇവർ ഇപ്പോൾ പോലീസ് സംരക്ഷണയിലാണെന്ന് അധികൃതർ വ്യക്തമാക്കി. പുറത്തുള്ളവരുടെ പ്രവേശനം നിഷേധിക്കുന്ന ഗ്രാമത്തിലെതന്നെ ഒരു ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവരാകാം അക്രമത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
മനുഷ്യക്കടത്തിനു നേതൃത്വം നൽകുന്ന സംഘം തന്നെയാണ് ഇതിനു പിന്നിലെന്നു പോലീസ് ഉദ്യോഗസ്ഥനായ അശ്വിനി കുമാർ സിൻഹ പറയുന്നത്. പെണ്‍കുട്ടികൾ മാനഭംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞുവെന്നു പോലീസ് പറയുന്നു. ഒരു ഡസണോളും പേർ പ്രതികളായിട്ടുണ്ടെന്നാണ് പോലീസ് പുറത്തുവിടുന്ന വിവരം.