സര്‍ക്കാര്‍ ജോലി ആഗ്രഹിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയില്‍ കുറവായിരിക്കും. എന്നാല്‍ ഝാര്‍ഖണ്ഡില്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ പരീക്ഷ പാസായാല്‍ മാത്രം പോര, പുകയില പൂര്‍ണമായും ഉപേക്ഷിക്കുക കൂടി ചെയ്യണം.
സര്‍ക്കാര്‍ ഓഫീസുകള്‍ പുകയില വിമുക്തമാക്കാനും, ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുമായി ഝാര്‍ഖണ്ഡ് സര്‍ക്കാരാണ് ഈ പുതിയ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. അതും വെറുതെ പറഞ്ഞാല്‍ പോരാ, രേഖാമൂലം എഴുതി നല്‍കണം.
സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവരും, നിലവിലെ സംസ്ഥാന ജോലിക്കാരുമാണ് പുകവലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കേണ്ടത്.
ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പുകയില നിയന്ത്രണ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് ഇറക്കിയ പ്രസ്താവന പ്രകാരം, ഈ വ്യവസ്ഥ 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
അതിനുള്ളില്‍ സര്‍ക്കാര്‍ ജോലികളിലുള്ളവര്‍ പുകയില ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും അതില്‍ പറയുന്നു. സ്കൂളുകളില്‍ നിന്ന് 100 മീറ്റര്‍ ചുറ്റളവില്‍ ഗുട്ക അല്ലെങ്കില്‍ സിഗരറ്റ് വില്‍ക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിങ് ഒരു മാധ്യമത്തിനോടു പറഞ്ഞു.
COVID-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിലില്‍ സര്‍ക്കാര്‍ എല്ലാ പുകയില ഉല്പന്നങ്ങള്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ പാന്‍ മസാലയുടെ നിര്‍മ്മാണം, വില്‍പ്പന, സംഭരണം എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ മിനിസ്റ്റി എസ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.