നടി കങ്കണ റണൗത്ത് മികച്ച നടിയെന്ന് പേരെടുത്ത ആളാണ്. തന്റെ വേഷം മികച്ചതാക്കാൻ ഏതറ്റം വരേയും പോകും. എന്നാൽ ലൊക്കേഷനിൽ പലപ്പോഴും പ്രശ്നങ്ങളുമുണ്ടാക്കാറുണ്ടെന്നും കങ്കണയെപ്പറ്റി പരാതികളുണ്ടാകാറുണ്ട്. അടുത്തിടെ മണികർണിക എന്ന സിനിമയിലെ തന്റെ വേഷത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ കങ്കണ ശ്രമിച്ചെന്നആരോപണവുമായി നടൻ സോനു സൂദ് രംഗത്തു വന്നിരുന്നു. ഇതൊക്കെ കൊണ്ടാകണം ബോളിവുഡിൽ പുതിയ വാർത്ത പ്രചരിച്ചിരിക്കുകയാണ്.
കങ്കണ നായികയാവുന്ന പുതിയ ചിത്രത്തിന്റെ സംവിധായിക അശ്വനി അയ്യർ തീവാരി ചില നിബന്ധനകൾ മുന്നോട്ട് വച്ചെന്ന് വാർത്തകൾ. അഭിനയത്തിലുപരിയായി മറ്റു കാര്യങ്ങളിലൊന്നും കങ്കണ ഇടപെടരുതെന്നാണ് നിബന്ധന. കങ്കണയുമായി സിനിമയുടെ കരാർ ഒപ്പിടുന്പോൾ തന്നെ നിബന്ധനയിലും ഒപ്പിട്ടു വാങ്ങിയത്രേ. കങ്കണയെ നായികയാക്കി പങ്ക എന്ന ചിത്രമാണ് അശ്വനി സംവിധാനം ചെയ്യുന്നത്.
എന്നാൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജവും അടിസ്ഥാനമില്ലാത്തതുമാണെന്ന് സംവിധായിക പ്രതികരിച്ചു. ഒരു തരത്തിലുള്ള നിബന്ധനകളും കങ്കണയിൽ നിന്ന് ഒപ്പിട്ടു വാങ്ങിയിട്ടില്ലെന്നാണ് സംവിധായിക പറയുന്നത്.
വിശാൽ ഭരദ്വാജ് ചിത്രമായ റംഗൂൺ, ഹൻസൽ മേത്തയുടെ സിമ്രാൻ എന്നീ ചിത്രങ്ങളിൽ കങ്കണ പ്രശ്നങ്ങളുണ്ടാക്കിയതായി വാർത്തയുണ്ടായിരുന്നു.