അംബാല: ലോക്ക്ഡൗണിനെ തുടർന്നു നാടണയാനുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനം രാജ്യത്തിന് ഇന്ന് പുതു കാഴ്ചയല്ല. അന്യസംസ്ഥാനങ്ങളിൽനിന്നും സ്വന്തം നാട്ടിലേക്ക് കാൽനടയായി മടങ്ങിയ നിരവധി പേരാണ് വഴിമധ്യേ മരിച്ചുവീണത്.
ഇത്തരത്തിൽ പഞ്ചാബിലെ ലുധിയാനയിൽനിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്കു കാൽനടയായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളിയുടെ ഗർഭിണിയായ ഭാര്യ പ്രസവിച്ചു. നിമിഷങ്ങൾക്കകം കുഞ്ഞു മരിച്ചു.
ലുധിയാനയിൽ ഫാക്ടറി തൊഴിലാളിയായ ജതിൻ റാമിന്റെ ഭാര്യ ബിന്ദിയയാണ് വഴിമധ്യേ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. നൂറിലധികം കിലോമീറ്റർ സഞ്ചരിച്ച ഇവർക്ക് ഹരിയാനയിലെ അംബാലയിലെത്തിയപ്പോഴാണു പ്രസവവേദന തുടങ്ങിയത്.
പിന്നീട് പോലീസിന്റെ സഹായത്തോടെ ബിന്ദിയയെ ആശുപത്രിയിലെത്തിച്ചു. ഉടൻ തന്നെ ബിന്ദിയ പെണ്‍കുഞ്ഞിനു ജന്മം നൽകിയെങ്കിലും കുഞ്ഞു മരിച്ചു. സംസ്കാരം അംബാലയിൽത്തന്നെ നടത്തി. രണ്ട് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
സ്പെഷൽ ട്രെയിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ഭാര്യയുമായി നടക്കാൻ തീരുമാനിക്കുകയായിരുന്നെന്നു ജതിൻ റാം പറഞ്ഞു.