അഞ്ചല്‍ : അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടമുളയ്ക്കല്‍ തുമ്പികുന്നില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുമ്പികുന്നില്‍ ഷാന്‍ മന്‍സിലില്‍ ഷാനവാസിനെതിരെയാണ് അഞ്ചല്‍ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ആതിരയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുനലൂർ ഡിവൈഎസ്പി എം.എസ് സന്തോഷിനാണ് അന്വേഷണച്ചുമതല. നവമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട ആതിര പോലീസിനും ആശുപത്രിയിലെ ഡോക്ടർമാര്‍ അടക്കമുള്ളവര്‍ക്കും നല്കിയ മരണമൊഴിയും സമാനമാണ് എന്നാണ് സൂചന.
ആതിരയുടെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആതിര മരിച്ചു.
ഒപ്പം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷാനവാസ് അപകട നില തരണം ചെയ്തു. ഇയാളെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഒന്നിച്ചായിരുന്നു താമസം. ഇവർക്കു മൂന്നു മാസം പ്രായമായ കുട്ടിയുമുണ്ട്. ആതിര വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. ഷാനവാസിനും ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്.