ഉണങ്ങിയ ഒരു കഷണം റൊട്ടിയുടെ അരികും മൂലയും ഒടിച്ചു തിന്നും പച്ചവെള്ളം കുടിച്ചും മൂന്നു ദിവസം തള്ളി നീക്കി. ശനിയാഴ്ച രാവിലെ തുണിക്കെട്ട് തുറന്നു നോക്കിയപ്പോള്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു കഷണം റൊട്ടിയില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നു.
മൂന്നാഴ്ച ഇനി എങ്ങനെ കഴിഞ്ഞു കൂടുമെന്ന് ഒരറിവുമില്ല. ബിഹാറിലെ വീട്ടിലേക്കുള്ള ദൂരം മനസ് കൊണ്ടളന്ന് ചെന്നു ചേരാന്‍ ഒരു വഴിയുമില്ലാതെ ഡല്‍ഹി എയിംസ് ആശുപത്രിയ്ക്ക് പുറത്തെ വഴിയോരത്ത് കാന്‍സര്‍ രോഗിയായ ഭാര്യയെ തുണി വിരിച്ചു നിലത്തു കിടത്തി കാത്തിരിക്കുകയാണ് ചമന്‍ലാല്‍.
കോവിഡ്-19 ലോക്ഡൗണ്‍ വന്നതോടു കൂടി മരുന്നും ഭക്ഷവും ഇല്ലാതെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ ഡല്‍ഹി ആശുപത്രികളിലെ നൂറുകണക്കിന് രോഗികളാണ് വഴിയോരങ്ങളില്‍ തുണി വിരിച്ചു കഴിയുന്നത്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നു.
ഇവരില്‍ പലരും വിദഗ്ധ ചികിത്സ തേടി അന്യ സംസ്ഥാനത്തു നിന്നെത്തിയവവരാണ്. ആശുപത്രി പരിസരത്തോ വളപ്പിലോ താത്കാലിക ഭക്ഷണ, താമസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പോലീസ് സന്നദ്ധ സംഘടനകള്‍ക്കും അനുവാദം നല്‍കുന്നില്ല. വാര്‍ഡുകളില്‍ ഇടം കിട്ടാത്ത രോഗികളും ഒട്ടനേകം കൂട്ടിരിപ്പുകാരും ഇപ്പോഴും പരിസരത്തെ വഴിയോരങ്ങളില്‍ തുണിവിരിച്ചു കിടക്കുന്നുമുണ്ട്. ഇവരില്‍ പലരും കഴിഞ്ഞ മൂന്നു ദിവസമായി വെള്ളമല്ലാതെ ഭക്ഷണ രൂപത്തില്‍ ഒന്നും തന്നെ കഴിച്ചിട്ടില്ല.
വീടുകളിലേക്ക് മടങ്ങാമെന്നു വെച്ചാല്‍ ഗതാഗത സംവിധാനങ്ങളൊന്നും തന്നെയുമില്ല. സ്വകാര്യ ആംബുലന്‍സ് ആണ് ആകെയുള്ള പ്രതീക്ഷ. പക്ഷേ, അതാണെങ്കില്‍ കൈയെത്തിപ്പിടിക്കാവുന്നതിലും അകലെയുമാണ്. ഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ വരെ എത്തിക്കാന്‍ ഒരു ആംബുലന്‍സ് ഡ്രൈവര്‍ 50,000 രൂപയാണ് ചോദിച്ചത്. അംറോറയിലേക്ക് പോകാന്‍ 15,000 രൂപയും മൊറാദാബാദിലേക്ക് 20,000 രൂപയുമാണ് സ്വകാര്യ ആംബുലന്‍സ് സര്‍വീസുകാര്‍ ചോദിക്കുന്നത്.
മൊറാദാബാദ് സ്വദേശി സോനു സിംഗ് രോഗിയായ ഭാര്യയുമായി കഴിഞ്ഞ 22നാണ് എയിംസില്‍ എത്തിയത്. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം മടങ്ങാന്‍ കഴിഞ്ഞില്ല. ആദ്യം ദിവസങ്ങളില്‍ 20 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പ്ലേറ്റ് ചോറിനും പരിപ്പ് കറിക്കും ഇപ്പോള്‍ 60 രൂപയാണ്. ഈ ഭക്ഷണം പങ്കിട്ട് കഴിച്ചാണ് ഇരുവരും ഒരു ദിവസം തള്ളി നീക്കുന്നത്.
വീട്ടിലേക്ക് മടങ്ങുന്നതിനായി ഒരു ആംബുലന്സ്കാരനോട് ചോദിച്ചപ്പോഴാണ് 20,000 രൂപ ആവശ്യപ്പെട്ടത്. അടുത്ത മൂന്നാഴ്ചക്കാലത്തേക്ക് എന്ത് ചെയ്യുമെന്ന് തങ്ങള്‍ക്ക് ഒരു പിടിയുമില്ലെന്ന് ഇവര്‍ പറയുന്നു.
കാലില്‍ കാന്‍സര്‍ ബാധിച്ച മകളെയും കൊണ്ടാണ് നാഥുറാം മാര്‍ച്ച് 18ന് ആശുപത്രിയില്‍ എത്തിയത്. രാജസ്ഥാനിലെ അജ്മീറില്‍ ഒരു ചെറിയ കട നടത്തുകയാണ് നാഥുറാം. കഴിഞ്ഞ തിങ്കളാഴ്ചത്തേക്കാണ് എയിംസില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചത്.
എന്നാല്‍ തിങ്കളാഴ്ച ഒപി വിഭാഗം തുറന്നു പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ലോക്ഡൗണും ആയി. ഇപ്പോള്‍ എയിംസ് ആശുപത്രിയുടെ പുറത്ത് വഴിയോരത്ത് കഴിയുകയാണ് നാഥുറാമും ഭാര്യയും മകളും.
മിക്കവാറും ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ മഴയാണ്. മകളുടെ കാലിന്റെ വേദനയും ദിനംപ്രതി കൂടി വരുന്നു. മറ്റൊരാള്‍ വഴി പറഞ്ഞറിഞ്ഞ് ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ അജ്മീര്‍ വരെ എത്തിക്കാന്‍ 16,000 രൂപയാണ് ചോദിച്ചത്. അത്രയും പണം ഉണ്ടായിരുന്നെങ്കില്‍ പണ്ടേ മകള്‍ക്ക് വേദനയില്ലാതെ നടക്കാന്‍ ഒരു വാക്കര്‍ വാങ്ങുമായിരുന്നു എന്നും നാഥുറാം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകനാണ് മാന്‍ സിംഗ്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച ഭാര്യയെയും കൂട്ടിയാണ് ഷാജഹാന്‍പൂരില്‍ നിന്ന് എയിംസിലെത്തിയത്. മൂന്ന് ദിവസമായി ആകെ കഴിച്ചത് ഒരു റൊട്ടിയാണ്. അഞ്ച് ദിവസം മുന്‍പ് ഭാര്യയ്ക്ക് കീമോ തെറാപ്പി നിശ്ചയിച്ചിരുന്നു എങ്കിലും നടന്നില്ല. ഏപ്രില്‍ 19നാണ് അടുത്ത തീയതി നിശ്ചയിച്ചിരിക്കുന്നത്.
വീട്ടിലേക്ക് തിരികെ പോകാന്‍ ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ 9,000 രൂപയാണ് ചോദിച്ചത്. രണ്ട് ദിവസം മുന്‍പ് ലോക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞിരുന്നു എങ്കില്‍ എങ്ങനെയെങ്കിലും വീട് പറ്റുമായിരുന്നു എന്ന് മാന്‍സിംഗ് പറയുന്നു.
ഷാജഹാന്‍പൂരില്‍ നിന്നു തന്നെയുള്ള മുറാദിന്റെ മകളുടെ കഴുത്തില്‍ കാന്‍സറാണ്. അടുത്ത വെള്ളിയാഴ്ചയാണ് മകള്‍ക്കുള്ള കീമോ തെറാപ്പിയുടെ ദിവസം കുറിച്ചു തന്നിരിക്കുന്നത്. അതുവരെ ഇവിടെ എങ്ങനെ കഴിയും എന്നൊരു പിടിയുമില്ല.
നേരത്തേ സിഖുകാര്‍ നടത്തുന്ന ലങ്കാറുകളില്‍ നിനിന്നു ഭക്ഷണം കിട്ടിയിരുന്നു. ഇപ്പോഴാകട്ടെ പോലീസ് അവരെയും അനുവദിക്കുന്നില്ല. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഒരു നിവൃത്തിയുമില്ല.
ആരെങ്കിലും ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ എത്തിയാല്‍ തന്നെ ഒരു മീറ്റര്‍ അകലത്തില്‍ വരി നില്ക്കാന് പറഞ്ഞ് പോലീസ് എത്തും. വളരെ കുറച്ചാളുകള്‍ക്ക് മാത്രം എന്തെങ്കിലും കിട്ടിയാലായി.
മൂന്നു ദിവസം തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരാള്‍ എങ്ങനെയാണ് ഒരു മീറ്റര്‍ അകലത്തില്‍ ഭക്ഷണത്തിന് മുന്പില് കാത്തു നില്‍ക്കുന്നത് എന്നാണ് മുറാദിന്റെ ചോദ്യം. തങ്ങളെ അടിച്ചോടിക്കാന്‍ പോലീസ് കാണിക്കുന്നതിന്റെ പകുതി ശക്തി മതി ഭക്ഷണ വിതരണത്തിന് ഏര്‍പ്പാടുണ്ടാക്കാന്‍ എന്നാണ് ഇവിടെ കഴിയുന്നവരെല്ലാം തന്നെ പറയുന്നത്.
സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്തെ കൂടാരങ്ങളില്‍ കഴിയുന്നവരും ഇതേ ദുരവസ്ഥയിലാണ്. പലരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സ തേടിയെത്തി ഇപ്പോള്‍ മരുന്നോ ഭക്ഷണമോ ഇല്ലാതെ അനിശ്ചതകാല ദുരിതത്തിന് നടുവില്‍ കഴിയുന്നു. സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് കുടില്‍ കെട്ടി ചായ വിറ്റാണ് റസ്തോം ഇത്രകാലം കഴിഞ്ഞിരുന്നത്.
നാലു വര്‍ഷം മുന്‍പ് ഒരു അപകടം പറ്റി എയിംസില്‍ എത്തിയതാണ്. കണ്ണു തുറക്കുമ്പോള്‍ ഓര്‍മകള്‍ മാഞ്ഞ് ഒരു വശം തളര്‍ന്ന് എയിംസിലെ ട്രോമ കെയര്‍ സെന്ററിലാണ്. എവിടെ നിന്നെന്ന് വന്നുവെന്നോ എങ്ങനെയാണ് അപകടം പറ്റിയതെന്നോ സ്വന്തം പേര് പോലും എന്താണെന്നു പോലും ഓര്‍മയില്ലാത്ത അവസ്ഥ.
ഒടുവില്‍ ആശുപത്രിയിലെ ഒരു നഴ്സ് നല്കിയ പേരാണ് റസ്തം എന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് റസ്തമിന് കുറച്ച് പേര് ചേര്‍ന്ന് ഇവിടെയൊരു കുടില്‍ കെട്ടിക്കൊടുത്തത്. പതിവായി സൗജന്യ ഭക്ഷണവും ലഭിച്ചിരുന്നു. ഇപ്പോള്‍ മൂന്നു ദിവസമായി പട്ടിണിയിലാണ്.
ഇതിനടുത്തു തന്നെ കുടില്‍ കെട്ടി ചായക്കച്ചവടം നടത്തിയിരുന്ന ശിവറാമിന്റേയും കുടുംബത്തിന്റേയും അവസ്ഥയും ഇതു തന്നെ. വില്പനയ്ക്കായി വാങ്ങി വെച്ചിരുന്ന ബിസ്ക്കറ്റ് പാക്കറ്റുകള്‍ കാലിയായതോടെ അവരും പട്ടിണിയിലാണ്.
സെബി മാത്യു