കോട്ടയം: മുൻ എംഎൽഎ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്-എമ്മിലേക്ക്. തന്റെ മാതൃപാര്‍ട്ടി കേരള കോണ്‍ഗ്രസ്-എം ആണെന്നും പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഇനിയുള്ള കാലം പൊതുപ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോണി നെല്ലൂര്‍ രാഷ്ട്രദീപികയോടു പറഞ്ഞു.
കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് പാര്‍ട്ടി പിളര്‍ത്തി കേരള കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പില്‍ ലയിച്ചത്.
അടുത്ത നാളില്‍ ജോസഫ് ഗ്രൂപ്പില്‍നിന്നു രാജിവച്ച് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പാര്‍ട്ടി ബിജെപി ലൈന്‍ സ്വീകരിച്ചതോടെ രാജിവച്ച് സജീവ രാഷ്ട്രീയത്തില്‍നിന്നു മാറി നില്‍ക്കുകയായിരുന്നു.
ജേക്കബ് ഗ്രൂപ്പ് പിളര്‍ത്തി യുഡിഎഫിലെ തന്നെ ജോസഫ് ഗ്രൂപ്പില്‍ ലയിച്ച ജോണി നെല്ലൂരിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം യുഡിഎഫിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
യുഡിഎഫ് മുന്നണിയിലെ മറ്റൊരു കക്ഷിയില്‍ ലയിച്ചിട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് യുഡിഎഫ് സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്തെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു.
ജോസഫ് വിഭാഗത്തില്‍ അതൃപ്തിയോടെയാണ് ജോണി നെല്ലൂര്‍ കഴിഞ്ഞിരുന്നത്. പ്രധാന സ്ഥാനമാനങ്ങളോ നിയമസഭ സീറ്റോ ലഭിച്ചില്ല. സംഘടനാ ചട്ടകൂടില്ലാത്ത പാര്‍ട്ടിയാണ് ജോസഫ് വിഭാഗമെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ച് കുശാഗ്രബുദ്ധിക്കാരായ കുറെ നേതാക്കളുടെ പാര്‍ട്ടിയായി മാറിയെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി.
ജോസഫ് ഗ്രൂപ്പില്‍നിന്നു രാജിവച്ച് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ക്രൈസ്തവസഭ മേലധ്യക്ഷന്മാരുടെ പിന്തുയണയോടെ രൂപീകരിച്ചതാണെന്നും എന്നാല്‍ പാര്‍ട്ടിയുടെ പേക്കു ശരിയായ രീതിയിലല്ലാത്തതിനാലാണ് രാജിവച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളില്‍ യുഡിഎഫ് ഇടപെടുന്നില്ല. അതുപോലെ, ക്രൈസ്തവര്‍ക്കുനേരേയുള്ള അക്രമണങ്ങളിലും യുഡിഎഫ് കാര്യമായ പ്രതികരണം നടത്തുന്നില്ലെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തില്‍നിന്നു മാറിനിന്ന ജോണി നെല്ലൂര്‍ എറണാകുളത്തു നവകേരള സദസിന്റെ പ്രഭാത യോഗത്തിനെത്തിയിരുന്നു. ഈ യോഗത്തില്‍ വച്ച് മുഖ്യമന്ത്രി ജോണി നെല്ലൂരിനോട് സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസ്-എം നേതൃത്വവുമായി ഇതിനിടയില്‍ ജോണി നെല്ലൂര്‍ ചര്‍ച്ച നടത്തിയതായണു സൂചന. പിറവം നിയമസഭ സീറ്റ് ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്. പാര്‍ട്ടിയില്‍ സീനിയര്‍ വൈസ് ചെയര്മാന്, വൈസ് ചെയര്മാന് എന്നീ ഭാരവാഹിത്വവും ജോണി നെല്ലൂരിനു നല്‍കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ജിബിന്‍ കുര്യന്