തിരുവഞ്ചൂർ: മണർകാട് നാലുമണിക്കാറ്റിൽ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. തുരുത്തിപ്പറന്പിൽ (കിഴക്കേടത്ത്) കെ.സി. ഏബ്രഹാമിന്റെ മകൻ ജിബിൻ ഏബ്രഹാം (31) ആണ് മരിച്ചത്.
നാലുമണിക്കാറ്റിനു സമീപം കല്ലുപാലം ഭാഗത്ത് ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം നടന്നത്. വീട്ടിലേക്കു പച്ചക്കറിയുമായി വരുന്ന വഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം.
ഇതിനു പിന്നാലെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.രാത്രിയായതിനാൽ സംഭവം ഏറെ വൈകിയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.
സമീപത്തെ മോട്ടോർ തറയിൽ രാത്രിയിൽ മോട്ടോർ ഓഫ് ചെയ്യാൻ വന്നവരാണ് വെള്ളത്തിൽ ബൈക്കും യുവാവും കിടക്കുന്നത് കണ്ടത്. ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മണർകാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.അപകടത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമോ ഗൂഢാലോചനയോ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
കുറച്ചു ദിവസങ്ങൾക്കു മുന്പ് ഗുണ്ടാ ബന്ധമുള്ള ഏതാനും സംഘവുമായി ജിബിൻ വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.ഇതിന്റെ പ്രത്യാഘാതമാണോ അപകടമെന്നു സംശയിക്കുന്നു.
ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞെന്നാണ് പോലീസ് നിഗമനമെങ്കിലും സ്വഭാവിക അപകടത്തിന്റെ ലക്ഷണങ്ങൾ റോഡിലും കലുങ്കിന്റെ വശങ്ങളിലുമില്ലാത്തതും കലുങ്കിനടിയിലെ കുഴിയിൽ വെള്ളത്തിൽ വീണു കിടന്നതും സംഭവ സ്ഥലത്തു നിന്നു വലിയൊരു വടി കണ്ടെത്തിയതുമാണ് പ്രദേശവാസികളിൽ സംശയം ജനിപ്പിച്ചത്.
സംഭവത്തിൽ ചീട്ടുകളി സംഘവുമായി ബന്ധപ്പെട്ട കോട്ടയത്തെ കുപ്രസിദ്ധനായ ഒരു പണമിടപാടുകാരന്റെ പേരും നാട്ടുകാർ ആരോപിക്കുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹം തീരുമാനിച്ചിരുന്ന സമയത്താണ് ജിബിൻ അപകടത്തിൽപ്പെട്ടത്. മൃതദേഹം മണർകാട് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. അമ്മ: കുഞ്ഞുമോൾ. സഹോദരങ്ങൾ: ജിൻസു (സൗദി അറേബ്യ), ജിന്റു. സംസ്കാരം പിന്നീട്.