കോട്ടയം: കാരാപ്പുഴയിൽ വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത് സാഹസികമായി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് ജിബിൻ ബിനോയി(കുരുടി – 23)യേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന സ്ഥലത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ ഇയാൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയായിരുന്നു.
തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ വെസ്റ്റ് എസ് എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒന്‍പതിന് വൈകുന്നേരം അഞ്ചിനാണു കാരാപ്പുഴ പയ്യന്പള്ളിച്ചിറയിൽ സുജിത്തി(22)നെ ഇയാൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
സമീപവാസിയായ യുവതിയും സുജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടായിരുന്നു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഞ്ചാവ് കച്ചവടവും വധശ്രമവും ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ് ജിബിൻ. സുജിത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ ജിബിൻ എല്ലാ സമയത്തും കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളുമായിട്ടാണ് നടന്നിരുന്നത്. ഇയാൾ കറങ്ങി നടന്നിരുന്ന ബൈക്കിലും കത്തി സൂക്ഷിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും കുത്തേറ്റ സുജിത്തിന്റെ സഹോദരനെ ആക്രമിക്കുമെന്നും, കൊലപ്പെടുത്തുമെന്നും ജിബിൻ ഭീഷണി മുഴക്കിയിരുന്നു. കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയാണ് ജിബിൻ. അലോട്ടി ജയിലിൽ കഴിയുന്പോൾ കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ജിബിനായിരുന്നു.
വിവിധ കേസുകളിൽപ്പെട്ട് ഒരു വർഷം ജയിലിൽ കിടന്ന ജിബിൻ രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷമാണു വീട്ടിൽ കയറി സുജിത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അഞ്ച് കഞ്ചാവ് കേസും വധശ്രമവും അടക്കം ഗാന്ധിനഗർ സ്റ്റേഷനിൽ ജിബിനെതിരെ എട്ട് കേസുകൾ നിലവിലുണ്ട്. അലോട്ടിയുമായി ചേർന്ന് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ജിബിൻ പ്രതിയാണ്.
കോടിമതയിൽ യുവാവിനെ വിനീത് സഞ്ജയനൊപ്പം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും ജിബിൻ പ്രതിയാണ്. ഇത് അടക്കം ജിബിനെതിരേ രണ്ട് കേസുകൾ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.എക്സൈസ് രജിസ്റ്റർ ചെയ്ത അഞ്ച് കഞ്ചാവ് കേസും, പാലായിൽ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസും ജിബിനെതിരെ നിലവിലുള്ളതായി പോലീസ് പറഞ്ഞു. വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത്, എഎസ്ഐ കെ.കെ. രാജേഷ്, സീനിയർ സിപിഒ പി.എൻ. മനോജ്, സിപിഒമാരായ കെ.ആർ. ബൈജു, സി. സുദീപ്, ടി.ജെ. സജീവ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.