കാക്കനാട്: പാലച്ചുവട് വെണ്ണല റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെണ്ണല ചക്കരപ്പറന്പ് സ്വദേശി ജിബിനെയാണ് ശനിയാഴ്ച പുലർച്ചെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയ ഏഴുപേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. പ്രതികളായ മൂന്നു പേർ ഇന്നലെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികളായെ ആറു പേരെ കൂടി കിട്ടാനുണ്ട്. ഒളിവിൽ കഴിയുന്ന ഇവർക്കായി അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ജിബിന്റെ മരണകാരണം ക്രൂരമായി മർദനം മൂലമുള്ള ആന്തരീക രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജിബിന്റെ പുറത്തും മുതുകത്തുമേറ്റ ക്ഷതങ്ങളാണ് ആന്തരിക അവയവങ്ങളിൽ മുറിവിന് കാരണമായത്. നെറ്റിയിൽ കണ്ട മുറിവ് മൂലം തലക്കേറ്റ ക്ഷതവും തലച്ചോറിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് തലക്കേറ്റ പരിക്കാവും മരണകാരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നെറ്റിയിലുണ്ടായ മുറിവല്ല മരണകാരണമെന്നാണ് സൂചന. തലയിൽ മറ്റൊരിടത്തും ആഴത്തിൽ പരിക്കോ, ചതവോ കണ്ടെത്തിയിട്ടില്ല. സംഘം ചേർന്നുള്ള മർദനം മൂലം ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ആയുധങ്ങൾ ഉപയോഗിച്ച് തലയിൽ പരിക്കേല്പിച്ചതായ ഒരു ലക്ഷണവും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ ഒരു വീട്ടിൽ ജിബിൻ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കുതർക്കും അടിപിടിയും ഉണ്ടായതായും കണ്ടെത്തിയിരുന്നു. ഈ മർദനത്തിലുണ്ടായ പരിക്കിനെ തുടർന്നാണ് ജിബിൻ മരിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. അടിപിടിക്ക് ശേഷം പ്രതികൾ ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ മരിച്ചെന്ന് മനസിലായപ്പോൾ റോഡിൽ ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.