കൊച്ചി: കാക്കനാട് വാഴക്കാലയിൽ വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ സംഘം ചേർന്നു മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇനി പിടിയിലാകാനുള്ളത് ഒരാൾകൂടി. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ ഭൂരിഭാഗം പ്രതികളെയും പിടികൂടാനായിരുന്നു. അതിനിടെ, ഇന്നലെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു.
ആലുവ ശ്രീഭൂതപുരം ഉണപ്പാടത്ത് അനീസ് (34), കാക്കനാട് ഓലിമുകൾ ബിസ്മിനഗറിൽ പടന്നാട്ട് അസീസ് (47), ചിറ്റേത്തുകര കണ്ണങ്കേരി നിസാർ (19), വാഴക്കാല ഓലിക്കുഴി കുണ്ടുവേലിൽ കെ.പി. സലാം (42), വാഴക്കാല കുണ്ടുവേലിൽ ഹസൈനാർ (47), കാക്കനാട് ഓലിമുകൾ ഉള്ളംപിള്ളി വി.കെ. ഷിഹാബ് ( 33) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
നേരത്തെ പിടിലായ ഏഴു പ്രതികൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.
ഇതോടെ ഇതുവരെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. അറസ്റ്റിലായ ഒരാൾ തൃക്കാക്കര നഗരസഭ മുൻ കൗണ്സിലർ സിപിഎമ്മിലെ കെ.കെ. സിറാജ് ആണ്. ആകെ 14 പ്രതികളാണുള്ളതെന്നും ശേഷിക്കുന്ന ഒരാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. വാഴക്കാല വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ (33) വാട്ട്സാപ്പ് വഴി മെസേജ് അയച്ച് ശനിയാഴ്ച പുലർച്ചെ 12.30ന് ജിബിനുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി ആസൂത്രിതമായി മർദിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
കസ്റ്റഡിയിലായ പ്രതികളും ജിബിൻ വർഗീസിനെ മർദിച്ച വീട്ടിലെ സ്ത്രീകളും നൽകിയ വിവരം അനുസരിച്ചാണു കൊലപാതകക്കേസിൽ 14 പ്രതികളെ തിരിച്ചറിഞ്ഞത്. വീട്ടിലെ കോണിപ്പടിയിലെ ഗ്രില്ലിൽ കെട്ടിയിട്ടാണു ജിബിനെ മർദിച്ചത്. യുവതിയുടെ ഫോണിൽനിന്നു ഭർത്താവാണു വാട്സാപ്പിലൂടെ സന്ദേശം അയച്ച് ജിബിനെ വിളിച്ചുവരുത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളിൽ പലരും 200 മീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്നവരാണ്. ഇവരിൽ ഒരാൾ യുവതിയുടെ പിതാവും മറ്റൊരാൾ ഭർത്താവുമാണ്. ജിബിനു മർദനമേറ്റ വീട്ടിലെ കോണിപ്പടിയിൽ രക്തക്കറ കണ്ടെത്തി. മർദനത്തിന് ഉപയോഗിച്ചതായി കരുതുന്ന രണ്ട് ഇരുന്പ് ഹാമറുകളും രക്തക്കറ പുരണ്ട കൈലിയും സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിയിരുന്നു.
ജിബിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ഓട്ടോറിക്ഷ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോറിക്ഷയെ പിന്തുടർന്ന കാറും കസ്റ്റഡിയിലാണ്. റോഡപകടം മൂലമുള്ള മരണമെന്ന് ആദ്യം കരുതിയ ജിബിന്റെ മരണം കൊലപാതകം തന്നെയെന്നു മൂന്നു മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിൽ കട്ടികൂടിയ ആയുധംകൊണ്ടു മർദിച്ചതിന്റെ പാടുകളാണു സംശയമുണ്ടാക്കിയത്. പിന്നീട് സിസിടിവി കാമറകളടക്കം പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുക്കിയത്.