കൊച്ചി: കാക്കനാട് വാഴക്കാലയിൽ വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ്പേർകൂടി പോലീസ് പിടിയിൽ. വിശദമായി ചോദ്യം ചെയ്തുവരുന്ന പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇതോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. സംഭവത്തിൽ ഏഴ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിൽ കഴിഞ്ഞുവരികയാണ്. ഇപ്പോൾ പിടിയിലായ ആറുപേരും കീഴടങ്ങിയതായാണു വിവരം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസിൽ 14 പ്രതികൾക്ക് പങ്കുള്ളതായാണ് പോലീസ് വ്യക്തമാക്കിയിരുന്നത്.
അപകട മരണമെന്നു പ്രഥമ ദൃഷ്ട്യാ തോന്നിയ കേസ് ഇരുപത് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു കൊലപാതകമെന്നു കണ്ടെത്തിയും ഏഴു പ്രതികൾ അറസ്റ്റിലായതും. തൃക്കാക്കര അസിസ്റ്റന്റ് കമീഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സിറ്റി ഷാഡോ പോലീസ്, സൈബർ വിഭാഗം, ഡോഗ് സ്ക്വാഡ്, ശാസ്ത്രീയ അന്വേഷണ വിഭാഗം തുടങ്ങിയവ സംയുക്തമായിട്ടായിരുന്നു അന്വേഷണം.
വാഴക്കാല പടന്നാട്ട് അസീസിന്റെ മകൻ മനാഫ്, കുഴിപ്പറന്പിൽ ആലി ഇബ്രാഹിമിന്റെ മകൻ അലി (40), സഹോദര·ാരായ സലാം (48), യൂസഫ് (42), കുഴിപ്പറന്പിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ഫൈസൽ (23), കുരിക്കോട്ട്പറന്പ് കായിയുടെ മകൻ കെ.കെ. സിറാജുദ്ദീൻ (49), പുറ്റിങ്കൽപറന്പ് ജമാലിന്റെ മകൻ അജാസ് (31) എന്നിവരാണ് റിമാൻഡിൽ കഴിഞ്ഞുവരുന്നത്.
പടന്നാട്ട് അസീസ്, മകളുടെ ഭർത്താവ് അനീസ്, ഷിഹാബ്, നിസാർ, മറ്റു മൂന്നു പേർ എന്നിവരാണ് മറ്റു പ്രതികൾ. ഇവരിൽ ആറുപേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളതെന്നാണു വിവരം. ശനിയാഴ്ച പുലർച്ചെ നാലിനാണു ജിബിനെ പാലച്ചുവട് റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തു ജിബിന്റെ സ്കൂട്ടർ മറിഞ്ഞു കിടന്നിരുന്നതിനാൽ വാഹനാപകടമെന്നാമെന്നാണ് ആദ്യം കരുതിയത്.
പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്. സംഭവം നടന്ന രാത്രിയിൽ അസീസിന്റെ വീടിന് സമീപം ജിബിനെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. ജിബിന്റെ ഫോണ് പരിശോധിച്ചതിൽനിന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി. ജിബിനും അസീസിന്റെ കുടുംബവും തമ്മിൽ മുന്പുണ്ടായിരുന്നു വഴക്കാണു കൊലപാതകത്തിനു പിന്നിലെന്നാണു പോലീസ് പറയുന്നത്.
സംഭവം നടന്ന ശനിയാഴ്ച പുലർച്ചെ 12.30ന് ചക്കരപ്പറന്പിലുള്ള വീട്ടിൽനിന്നു ജിബിനെ വാട്ട്സാപ്പ് വഴി മെസേജ് അയച്ച് വാഴക്കാല പടന്നാട്ട് അസീസിന്റെ വീട്ടിലെത്തിച്ചു. സ്കൂട്ടർ പുറത്തുവച്ചശേഷം വീടിനു പിന്നിലൂടെ എത്തിയ ജിബിനെ സംഘം വളഞ്ഞ് കോണിപ്പടിക്കു കീഴിലുള്ള ഗ്രില്ലിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മർദനം പുലർച്ചെ രണ്ടര വരെ നീണ്ടുനിന്നു.
ബലമേറിയ ആയുധംകൊണ്ടുള്ള മർദനത്തിൽ വാരിയെല്ല് തകർന്നു. ആക്രമിക്കാൻ മുൻകൂട്ടി തയാറായിനിന്നവരും ശബ്ദം കേട്ടെത്തിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിബിൻ വീടിനുള്ളിൽ വച്ചുതന്നെ മരിച്ചു.മരണം സംഭവിച്ചതോടെ ജിബിന്റെ മൃതദേഹം പ്രതികളിലൊരാളായ വാഴക്കാല കുഴിപ്പറന്പിൽ അലി എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറ്റി. അലിയുടെ ബന്ധു മുഹമ്മദ് ഫൈസൽ ആണ് ഓട്ടോറിക്ഷ ഓടിച്ചത്.
മറ്റൊരു പ്രതി അലിയുടെ സഹോദരൻ സലാം മൃതദേഹവുമായി പിന്നിലിരുന്നപ്പോൾ വീട്ടുടമ അസീസിന്റെ മകൻ മനാഫ് ഇവർക്കു കൂട്ടായി ഓട്ടോറിക്ഷയിൽ കയറി. കൂട്ടാളികളായ ഷിഹാബ്, നിസാർ എന്നിവർ ജിബിൻ എത്തിയ സ്കൂട്ടറുമായി ഓട്ടോറിക്ഷയ്ക്കു പിന്നാലെ പോയി.
ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലിസിനു ലഭിച്ചിട്ടുണ്ട്. മറ്റുരണ്ടുപേർ കാറിലും ഇവരെ പിന്തുടർന്നിരുന്നു. പാലച്ചുവടെത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. അപകടമുണ്ടായതാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനു സ്കൂട്ടർ മൃതദേഹത്തിനോടു ചേർന്നു മറിച്ചിട്ടു.
പരിശോധയ്നക്കെത്തിയ പോലീസ് അപകടമാണെന്ന് ആദ്യം ധരിച്ചെങ്കിലും കൊലപാതകമാണെന്നു പിന്നീട് സ്ഥിരീകരിച്ചു. മൃതദേഹത്തിൽ കട്ടികൂടിയ ആയുധംകൊണ്ടു മർദ്ദിച്ചതിന്റെ പാടുകളാണു സംശയമുണ്ടാക്കിയത്.