കോട്ടയം: പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയുടെ അക്രമം വീണ്ടും. ഇതേ പെണ്‍കുട്ടിയുടെ തന്നെ മറ്റൊരു സുഹൃത്തിനെയാണ് കഴിഞ്ഞ ദിവസം ഗുണ്ട കുത്തിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (കുരുടി -24) യേയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം നഗമധ്യത്തിൽ തടത്തിപ്പറന്പ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം. കാരാപ്പുഴ സ്വദേശിയായ വിഘ്നേഷി (24)നെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കാരാപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് ജിബിൻ വിഘ്നേഷിനെ കുത്തിയത്.
മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന ജിബിൻ ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയാണ് നഗരമധ്യത്തിൽ വച്ച് കത്തിക്കുത്തുണ്ടായത്. വിഘ്നേഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെപ്പറ്റി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസിൽ വെസ്റ്റ് പോലീസ് വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജൂനിയർ എസ്ഐ അഖിൽ ദേവ്, എഎസ്ഐ നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവും ഗാന്ധിനഗർ പോലീസ് സംഘവും ചേർന്നാണ് ജിബിനെ പിടികൂടിയത്. നേരത്തെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ജിബിൻ. കയ്യിൽ കത്തിയുമായാണ് എപ്പോഴും നടക്കുന്നത്.
2019 ഒക്ടോബറിൽ കാരാപ്പുഴ പയ്യന്പള്ളിച്ചിറയിൽ ഗണേഷിന്റെ മകൻ സുജിത്തിനെ (23) ജിബിൻ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ജിബിനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡും ചെയ്തിരുന്നു. ഗുണ്ടാ മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ജിബിനെതിരെ കാപ്പ ചുമത്തിയേക്കും.