കൊച്ചി: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കാക്കനാട് പാലച്ചുവട് ക്ഷേത്രത്തിനു സമീപം ഇന്നു പുലർച്ചെ നാലോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
തമ്മനം ചക്കരപ്പറന്പ് സ്വദേശി ജിബിൻ വർഗീസ്(33) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിമനത്തിൽ അധികൃതർ എത്തിയിരിക്കുന്നത്.
കൊലപാതകമെന്ന് സംശയിക്കത്തക്ക തരത്തിലുള്ള മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും ഏതാനും മീറ്റർ മാറിയായിരുന്നു മൃതദേഹം.
രാത്രിയിൽ വീട്ടിൽനിന്നും ആരെങ്കിലും വിളിച്ചിറക്കിയതാണോയെന്നത് അടക്കമുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. തൃക്കാക്കര പോലീസിന്റെ നേതൃത്വത്തിൽ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ, തൃക്കാക്കര എസിപി എന്നിവരടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് മേൽനടപടികൾ സ്വീകരിച്ചുവരുന്നത്.