പത്തനംതിട്ട: യുവാവ് ജീവനൊടുക്കിയതിന്റെ കാരണക്കാർ ആരാണെന്നു വ്യക്തമായിട്ടും പ്രേരണക്കുറ്റത്തിന് കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ മാതാവ് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. മൂക്കന്നൂർ കൈതക്കോടി പൊയ്കയിൽ ജിബുരാജി(27) നെയാണ് 2017 ഒക്ടോബർ 31 ന് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മരണത്തിന് ഉത്തരവാദികൾ ഭാര്യയും ഭാര്യാപിതാവുമാണെന്ന് ജിബുരാജ് പറയുന്ന സെൽഫി വീഡിയോ പോലീസിനു തെളിവായി ലഭിച്ചിട്ടും നടപടിയെടുത്തില്ല. ഭാര്യവീട്ടുകാരുടെ സ്വാധീനത്താലാണ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്നു ചൂണ്ടിക്കാട്ടി ജിബുരാജിന്റെ മാതാവ് ജഗദമ്മ രാജൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ജിബുരാജിന്റെ മരണ ശേഷം അന്വേഷണം ആവശ്യപ്പെട്ട് ജഗദമ്മ കോയിപ്രം സ്റ്റേഷൻ, മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ കേസെടുക്കാൻ കോയപ്രം പോലീസിനു നിർദേശം നൽകിയിരുന്നതാണ്.
എന്നിട്ടും അന്വേഷണം ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് കഴിഞ്ഞദിവസം വീണ്ടും ഹർജി നൽകിയത്. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പ്രതികൾ പോലീസിനെ സ്വധീനിച്ചിരിക്കുകയാണെന്ന് ജഗദമ്മ രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സൗദിയിൽ ഡ്രൈവറായി ജോലിയിൽ ഇരിക്കവെയാണ് ജിബുരാജ് കീക്കൊഴൂർ സ്വദേശിനിയും നഴ്സുമായ യുവതിയെ വിവാഹം കഴിച്ചത്. ജിബുരാജ് അയച്ച പണം മുഴുവൻ ആരുമറിയാതെ ഭാര്യ ധൂർത്തടിക്കുകയും നാട്ടിൽ ചിലരുമായി അടുപ്പം പുലർത്തുകയും ചെയ്തതായി ജഗദമ്മ രാജൻ പറഞ്ഞു. നീതി ലഭിക്കുന്നതിനായാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതെന്ന് ജഗദമ്മ രാജൻ പറഞ്ഞു.