എടത്വ: അഭിഭാഷകന് ചമഞ്ഞ് കാറും പണവും മുദ്രപത്രവും തട്ടിയെടുത്ത പ്രതി എടത്വ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയം ജിഗീഷ് (32) ആണ് എടത്വ പോലീസിന്റെ പിടിയിലായത്.
എടത്വ മങ്കൊട്ട സ്വദേശി അനീഷ് കുമാര്‍ ജില്ല പോലീസ് സൂപ്രണ്ട് ജി. ജയദേവന് നല്കിയ പരാതിയെ തുടര്‍ന്നാണ് മൂന്ന് ദിവസത്തെ അന്വഷണത്തിനൊടുവില്‍ പ്രതിയെ സാഹസികമായി പിടികൂടിയത്.
അഭിഭാഷകന് ചമഞ്ഞുനടന്ന ജിഗീഷ് കാര്‍ ഉടമയായ അനിഷ് കുമാറുമായി സൗഹ്യദം സ്ഥാപിച്ചാണ് കാറും 240000 രൂപായും മുദ്രപത്രവും തട്ടിയെടുത്തത്.
രക്ഷിക്കാമെന്നു പറഞ്ഞ്…
എടത്വായിലെ ഒരു കേസില്‍ നിന്ന് കാര്‍ ഉടമയെ രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കൈമാറിയ കാറും, പണവും, മുദ്രപത്രവും ആഴ്ചകള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമ ജിഗീഷിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു.
ഫോണ്‍ കോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അനീഷ് കുമാര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എടത്വ പോലീസ് പ്രതിയെ കുടുക്കാന്‍ അന്വഷണം ആരംഭിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയെങ്കിലും പോലീസിനെ വെട്ടിച്ച് പ്രതി കടക്കുകയായിരുന്നു.
എറണാകുളം ചേന്ദമംഗലം ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. ചേന്ദമംഗലത്തെ വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നാണ് കാര്‍ കണ്ടെടുക്കുന്നത്. ഈ വീട്ടില്‍ നിന്ന് പതിയെ പോലീസ് പിടികൂടി. നിരവധി സമാന കേസുകളിലും ജിഗീഷ് പ്രതിയാണ്.
സുപ്രീം കോടതി ജഡ്ജി ചമഞ്ഞും പ്രതി പലരെയും കബളിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എടത്വ സിഐ ആനന്ദബാബു, എസ്.ഐ ഷാംജി, സി.പി.ഒമാരായ സനീഷ്, ശ്യംകുമാര്‍, സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.