ടെഹ്റാൻ: മാരകമായ ജിഹാദ്-2 മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലിനെതിരേ ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലി തുറമുഖനഗരമായ ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിക്കുനേരെയും വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു.
ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചു. ജിഹാദ് മിസൈലുകൾ ആദ്യമായാണു ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രയേലിനുനേരേ ഹിസ്ബുള്ളയുടെ ആക്രമണം നടന്നത്. അൽ-റാസിലെ സൈനിക താവളത്തിനുനേരേ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി.
ഈ സമയത്ത് നിരവധി ഇസ്രയേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രയേൽ സൈനികർക്കുനേരേ റോക്കറ്റ് ആക്രമണവും നടന്നു.
അതിനിടെ, ലെബനന്റെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയും അറിയിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചശേഷം ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബൈദ് പറഞ്ഞു.