ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന വെള്ളക്കാരനായ ആദ്യ ബ്രിട്ടീഷുകാരന് ജാക്ക് ലെറ്റ്സ് എന്ന ജിഹാദി ജാക്കിനും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം. രണ്ടുവര്‍ഷമായി കുര്‍ദിഷ് ജയിലില്‍ കഴിയുകയാണ് 23-കാരനായ ഓക്സ്ഫഡ് സ്വദേശി ജിഹാദി ജാക്ക്. തനിക്ക് അമ്മയെയും വീടിനെയും വല്ലാതെ ‘മിസ്’ ചെയ്യുന്നുവെന്ന് പറഞ്ഞ ജാക്ക്, ബ്രിട്ടനില്‍ അനുഭവിച്ചുകൊണ്ടിരുന്ന സുഖസൗകര്യങ്ങളോര്‍ത്ത് താനിപ്പോള്‍ വിഷമിക്കുകയാണെന്നും പറഞ്ഞു.
ബ്രിട്ടനിലേക്ക് മടങ്ങാനാകാതെ തുര്‍ക്കിയില്‍ കഴിയുന്ന മുസ്തഫ, സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്കിയ ഷെമീമ ബീഗം എന്നിങ്ങനെ മതഭ്രാന്ത് തലയ്ക്കുപിടിച്ച് ഭീകരപ്രസ്ഥാനത്തിലേക്ക് പോയ പല ബ്രിട്ടീഷുകാരും ഇപ്പോള്‍ തിരിച്ചുവരണമെന്ന കലശലായ ആഗ്രഹത്തിലാണ്. ഐഎസിന്റെ തകര്‍ച്ചയോടെയാണ് ഇവരുടെ മനസ്സുമാറിയത്. എന്നാല്‍, ഇവരാരും ഐഎസിനെ തള്ളിപ്പറയാത്തതിനാലും തിരിച്ചെത്തിയാല്‍ സാധാരണ ജീവിതം നയിക്കുമെന്ന ഉറപ്പില്ലാത്തതിനാലും ഇവരെ തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടന് ധൈര്യപ്പെടുന്നില്ല എന്നതാണ് വസ്തുത.
ഐടിവി ന്യൂസിനോട് സംസാരിക്കവെയാണ് ജിഹാദി ജാക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ജയിലിലായ ശേഷം അമ്മയോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അയാള്‍ പറയുന്നു. ബ്രിട്ടന് തന്നെ തിരിച്ചുവരാന്‍ അനുവദിക്കുകയാണെങ്കില്‍ താന്‍ പോകും. പക്ഷേ, അത് നടക്കുമെന്ന പ്രതീക്ഷയൊട്ടില്ലെന്നും ജാക്ക് പറയയുന്നു. തിരിച്ചുപോയില്ലെങ്കില്ക്കൂടി, അമ്മയോട് ഒന്ന് ഫോണില്‍ സംസാരിക്കാന്‍ സാധിച്ചെങ്കിലും മതിയായിരുന്നുവെന്ന് ജാക്ക് കൂട്ടിച്ചേര്‍ത്തു.
2015-ല്‍ പാരീസില്‍ ബോംബാക്രണത്തില്‍ 130 പേര് കൊല്ലപ്പെട്ട സംഭവം ന്യായമാണെന്നായിരുന്നു തനിക്ക് അന്ന് തോന്നിയിരുന്നതെന്ന് ജാക്ക് പറഞ്ഞു. സിറിയയിലെ റാഖയില്‍ സഖ്യസേനയുടെ ആക്രമണത്തില്‍ കുട്ടികളടക്കം മരിച്ചുവീഴുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അതോടെയാണ് തന്റെ മനസ്സ് ഭീകരതയെ സ്വീകരിച്ചതെന്നും ജാക്ക് പറയുന്നു. ഓരോ അഞ്ചുമിനിറ്റ് കൂടുമ്പോഴും സഖ്യസേന ബോംബ് വര്‍ഷിക്കുമായിരുന്നു. കുട്ടികള്‍ ജീവനോടെ കത്തിയമരുന്നത് കണ്ടു.
എന്നാല്‍, ഭീകരതയോടുള്ള താത്പര്യം ഇല്ലാതായതും നിരപരാധികളായ ഇതേ കുട്ടികള്‍ മരിച്ചുവീഴുന്നത് കണ്ടതോടെയാണെന്ന് ജാക്ക് പറയുന്നു. ബ്രിട്ടീഷ് പാസ്പോര്‍ട്ടിനൊപ്പം കനേഡിയന്‍ പാസ്പോര്‍ട്ടും ജാക്കിനുണ്ട്. ജാക്കിന്റെ അച്ഛന് ജോണ്‍ ലെറ്റ്സ് കാനഡക്കാരനാണ്. അമ്മ സാലി ലെയ്ന്‍ ബ്രിട്ടീഷുകാരിയും. റാഖയിലായിരിക്കെ താനൊരു ഇറാഖി യുവതിയെ വിവാഹം കഴിച്ചുവെന്നും അതിലൊരു കുട്ടിയുണ്ടെന്നും ജാക്ക് പറഞ്ഞു. അവരെയും താന്‍ പിന്നീട് കണ്ടിട്ടില്ലെന്നും നിരാശയോടെ ജാക്ക് പറയുന്നു.
സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഷെമിമ ബീഗം ബ്രിട്ടനിലേക്ക് തിരിച്ചു പോകണമെന്നും കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തണമെന്നും പറഞ്ഞപ്പോള്‍ ഇവരെ ഒരു കാരണവശാലും ബ്രിട്ടനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബ്രീട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിദ് വാജിദ് പറഞ്ഞത്. ജിഹാദി ജാക്കിന്റെ കാര്യത്തിലും സമാനമായ നിലപാടാവും ്ബ്രിട്ടന് സ്വീകരിക്കുക എന്നാണ് സൂചന.