മട്ടന്നൂർ: കാനാട് വീടിനുള്ളിൽ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണം കണ്ടെത്തുന്നതിന് ജിജിനയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരികയാണ്.
ഇന്നലെ രാവിലെ 6.30 ഓടെയാണ് കിടപ്പുമുറിയിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ബഹളം കേട്ടുണർന്ന വീട്ടുകാർ കിടപ്പുമുറിയുടെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്.
വാതിൽ അകത്തു നിന്ന് അടച്ചു പൂട്ടിയതിനാൽ സമീപവാസികൾ ഓടിയെത്തി വാതിൽ ചവിട്ടി പൊളിച്ച് ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉച്ചയോടെ ഇരുവരും മരണപ്പെടുകയായിരുന്നു.
കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചു. ഭർത്താവ് നിഷാദ് വിദേശത്തായതിനാൽ നിഷാദിന്റെ അച്ഛൻ പുരുഷോത്തമനും അമ്മ അനിതയുമാണ് ഇവർക്കൊപ്പം താമസിച്ചു വന്നിരുന്നത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പുരുഷോത്തമനും കാലിന് പൊള്ളലേറ്റു.
ആറു വർഷം മുമ്പാണ് നിഷാദും ജിജിനയും തമ്മിൽ വിവാഹിതരായത്. സൗദിയിൽ ജോലി ചെയ്യുന്ന നിഷാദ് രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തി വിദേശത്ത് പോയത്.ഭർത്താവ് നാട്ടിൽ ഇല്ലാത്ത വിഷമമാണോ മരണത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
മൊബൈൽ ഫോൺ അടക്കം വിശദമായി പരിശോധിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. സംഭവം അറിഞ്ഞ് മട്ടന്നൂർ സിഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ഫോറൻസിക് വിഭാഗവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതായിരിക്കാമെന്നാണ് പോലീസ് നിഗമനം. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.കുമ്മാനത്തെ രാജീവന്റെയും കേളമ്പേത്ത് പ്രസന്നയുടെയും മകളാണ് മരിച്ച ജിജിന. രജിന, പ്രജിന എന്നിവർ സഹോദരങ്ങളാണ്.