കൊച്ചി: അഞ്ചുപേര്‍ക്കു പുതുജീവിതമേകി ജിജിത് യാത്രയായി. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച തൃശൂര്‍ വരന്തരപ്പിള്ളി ചുള്ളിപറമ്പില്‍ ജിജിത്തിന്റെ(39) കുടുംബമാണ് തീരാവേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് മാതൃകയായത്.
ജിജിത്തിന്റെ കരള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കായി ദാനം ചെയ്തു. പാന്‍ക്രിയാസും വൃക്കകളും കോര്‍ണിയകളും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗവണ്മെന്റെ പൂളിലേക്കും ദാനം ചെയ്തു.
ജൂണ്‍ 14നു രാത്രി 10.30 ഓടെ തൃശൂര്‍ പുതുക്കാട് വന്തരപ്പിള്ളിക്കു സമീപമാണ് ജിജിത്തിനെ നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. രാത്രി തിരികെ വീട്ടിലേക്കു വരും വഴി ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്നു കരുതുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിജിത്തിനെ 15നാണ് രാജഗിരി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. രാജഗിരി ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജഗത്ലാല്‍ ഗംഗാധരന്റെയും, കണ്‍സള്‍ട്ടന്റ് ഡോ. ജോ ലിയോ മാര്‍ഷലിന്റെയും കീഴില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
തലയ്ക്കു ഗുരുതര പരിക്കേറ്റ ജിജിത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. 18നു ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സമ്മതം പ്രകടിപ്പിച്ചു.
തുടര്‍ന്ന് വിവരം പോലീസിലും കേരളാ നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിലും അറിയിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെ ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
ജിജിത്തിന്റെ കരള്‍ രാജഗിരി ആശുപത്രിയിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ 65-കാരനാണ് സ്വീകരിച്ചത്. ആസ്ട്രേലിയയില്‍ മകനെ സന്ദര്‍ശിക്കാനായി പോയ സമയത്തായിരുന്നു ഇദ്ദേഹത്തിനു കരള്‍ രോഗം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് അദ്ദേഹം നാട്ടിലെത്തി രാജഗിരി ആശുപത്രിയില്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോഷ് വര്‍ഗീസിന്റെ കീഴില്‍ ചികിത്സയിലായിരുന്നു.
ഡോ. രാമചന്ദ്രന് നാരായണ മേനോന്റെ നേതൃത്വത്തിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഡോ. ജോണ്‍സ് ഷാജി, ഡോ. ഗാസ്നാഫര് ഹുസൈന്, ഡോ. ജോസഫ് ജോര്‍ജ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.