തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്റെ കൂടെയുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ.
മോന്‍സന്റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയില്ല. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയാണ് മോന്സൻ, താനും അതിന്റെ രക്ഷാധികാരിയാണ്.
ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ തന്നെ വിളിച്ചിരുന്നു. ഇതല്ലാതെ അയാളുമായി കൂടുതൽ ബന്ധമില്ലെന്നും ജിജി തോംസൺ പറഞ്ഞു.
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ ഏറ്റെടുത്തു നടത്തിയിരുന്നു.
അങ്ങനെ വെഞ്ഞാറമൂട്ടിൽ നടന്ന ഒരു ചാരിറ്റി സംരംഭം ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഒരു ചടങ്ങിന് ക്ഷണിച്ചിരുന്നു.
ഞാനും ഭാര്യയും കൊച്ചിയിലുണ്ടായിരുന്നതിനാൽ അതിൽ പങ്കെടുത്തു.
മറ്റു ചില പ്രമുഖരും ആ സമയത്ത് ചടങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയിരുന്നതായും ജിജി തോംസൺ മാധ്യമങ്ങളോടു പറഞ്ഞു.