ജോജി തോമസ്
കാഞ്ഞിരപ്പള്ളി: ചിരട്ടയില്‍ കരകൗശലങ്ങളും ഇലയിൽ വിസ്മയവും വിരിയിച്ച ജിജോയുടെ കഴിവുകൾ ആരിലും കൗതുകമുണര്‍ത്തും. കാഞ്ഞിരപ്പള്ളി സുഖോദയ ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കൊച്ചുതെക്കേയിൽ ജിജോ ജോസഫാണ് ഈ വിസ്മയ ശില്പി.
സ്കൂൾ പഠനകാലത്ത് ചിത്രരചനയിലൂടെയാണ് ജിജോ വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നീട് വർഷങ്ങളോളം ചെറിയ തോതിൽ കരകൗശല വസ്തുക്കൾ നിർമിച്ചെങ്കിലും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല.
ഒന്നാം തരംഗത്തിലെ ലോക്ഡൗൺ സമയത്ത് വിരസത മാറ്റാനാണ് ചിരട്ടയിലും ഉണങ്ങിയ വേരിലുമൊക്കെ അലങ്കാര വസ്തുക്കൾ നിർമിച്ചു തുടങ്ങിയത്.
ഇന്ന് ജിജോ വിവിധ വസ്തുക്കളിൽ വിസ്മയ കാഴ്ചകൾ തീർക്കുകയാണ്. ആമ, കുരങ്ങ്, മയിൽ തുടങ്ങി ചിരട്ടയിൽ ജിജോ തീർത്ത കരകൗശല വസ്തുക്കൾ ആരെയും ആകർഷിക്കുന്നവയാണ്. മിക്കി മൗസ്, ടോം ആൻഡ് ജെറി, തബല, ചുണ്ടൻവള്ളം, അരയന്നം, കൈതച്ചക്ക തുടങ്ങി ചിരട്ട കൊണ്ട് അറുപതിലേറെ വ്യത്യസ്ത വസ്തുക്കൾ നിർമിച്ചു കഴിഞ്ഞു.
ഇലയിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചെടുക്കാനും ജിജോയ്ക്ക് കഴിയും. കൊക്കോ, പ്ലാവ് ഇലകളിൽ ബ്ലേഡ് ഉപയോഗിച്ചാണ് ചിത്ര രചന.
ഇത്തരത്തിൽ ഏത് ചിത്രവും ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. മലയാളികളുടെ ഇഷ്ടതാരങ്ങളായ പ്രേം നസീർ, സത്യൻ, ജഗതി ശ്രീകുമാർ, ഹോക്കിതാരം പി.ആർ. ശ്രീജേഷ് എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഇലയിൽ പൂർത്തിയാക്കി കഴിഞ്ഞു.
കടലാസിലും തന്റെ കലാവൈഭവം രൂപപ്പെടുത്താൻ ജിജോയ്ക്ക് കഴിയും. ഇരുവശങ്ങളിലും വ്യത്യസ്ത ചിത്രങ്ങൾ കാണുന്ന സൃഷ്ടികളാണ് കടലാസിൽ തീർത്തിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി അമല പ്രസിലെ ജീവനക്കാരനാണ് ജിജോ. ഭാര്യ മിനിയും മകൾ ആൻ മേരിയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.