വൈക്കം: കുമരകത്തെ ബാറിനു പിന്നിലെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈക്കം വെച്ചൂർ അച്ചിനകം വാടപ്പുറത്ത് ആന്റണിയുടെ മകൻ ജിജോയുടെ (27) മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴിനു രാത്രി എട്ടോടെ സുഹൃത്ത് സുജിത്തിനൊപ്പം കുമരകത്തെ എടിഎം കൗണ്ടറിൽനിന്നു പണമെടുക്കാനെത്തിയ ജിജോ എടിഎമ്മിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കൈകൊണ്ടടിച്ചിരുന്നു.
വാഹനത്തിനുള്ളിൽ പോലീസാണെന്നു കണ്ടു ഭയന്ന ജിജോ സമീപത്തെ ബാറിലേക്കും സുഹൃത്ത് സമീപത്തെ റോഡിലേക്കും മറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമരകം പോലീസ് ടോർച്ചടിച്ച് നിരീക്ഷണം നടത്തി.
രാത്രി 9.15 ന് ജിജോയുടെ പിതാവ് ആന്റണിയെ ഫോണിൽ വിളിച്ച കുമരകം പോലീസ് എസ്പിയുടെ വാഹനത്തിൽ ജിജോ കൈ കൊണ്ടടിച്ചെന്നും രാവിലെ മകനുമായി എത്തണമെന്നും അറിയിച്ചു.
രാത്രി 10.30ന് ബാറിന്റെ മതിലിനു പുറത്തെ കനാലിൽ ജിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രേഖകളിൽ അജ്ഞാത മൃതദേഹമാണിതെന്നാണ് പോലീസ് അറിയിച്ചതെന്നാണ് ജിജോയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
രാത്രി പോലീസ് ബാർ പരിസരത്തു നിരീക്ഷണം നടത്തുന്പോൾ എന്തോ അത്യാഹിതം കണ്ട മട്ടിൽ ബാർ ജീവനക്കാരായ രണ്ടു പേർ ഭയന്ന് ഓടുന്നതും ടോർച്ച് രണ്ടു മൂന്നുതവണ ഉയർന്നു താഴുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കണ്ടത് സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും ജിജോയുടെ ബന്ധുക്കൾ പറഞ്ഞു.
ജിജോയുടെ തലയുടെ പുറകുവശത്ത് കനത്ത അടിയേറ്റ് കരുവാളിച്ച പാടുണ്ടായിരുന്നു. ബന്ധുക്കളോ ജനപ്രതിനിധികളോ എത്തുന്നതിനു മുന്‍പ് സംഭവസ്ഥലത്തുനിന്നു ജിജോയുടെ മൃതദേഹം നീക്കി.
വിദേശത്ത് ജോലി ചെയ്തിരുന്ന ജിജോ ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. എന്നാൽ, യുവാവ് ക്രിമിനലാണെന്ന തരത്തിലുള്ള പ്രചരണവുമുണ്ടായി. വിദേശത്തേക്കു മടങ്ങാനായി ഐഇഎൽടിഎസിനു പഠിക്കുകയായിരുന്നു ജിജോ.
കുറ്റമറ്റ അന്വേഷണത്തിലൂടെ ജിജോയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണത്തിന്റെ ദിശ തെറ്റിയാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആക്ഷൻ കൗണ്‍സിൽ ചെയർമാനും വെച്ചൂർ പഞ്ചായത്ത് അംഗവുമായ സോജി ജോർജ്, ആക്ഷൻ കൗണ്‍സിൽ കണ്‍വീനറും വെച്ചൂർ പഞ്ചായത്ത് അംഗവുമായ ബീന എസ്. കളത്തിൽ, ജോയിന്റ് കണ്‍വീനർ വി.കെ. ജയൻ, വൈസ് ചെയർമാൻ അലക്സ് പടിപറന്പിൽ, ജിജോയുടെ സഹോദരൻ ജോജി ആന്റണി തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.