കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ നടന് ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു.
വിഷയത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെയും സിനിമാ മേഖലയിലെ ചിലരുടെയും ഇടപെടല്‍ ഉണ്ടായതിനെ തുർന്നു പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ഇരുവിഭാഗത്തിന്റെയും കണക്കുകൂട്ടല്‍.
എന്നാല്‍ ജോജു ജോര്‍ജ് കേസില്‍ കക്ഷി ചേര്‍ന്നതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങി.
ജോജുവുമായി അടുപ്പമുള്ള സിനിമാമേഖലയിലെ ചിലര്‍ ഒത്തുതീര്‍പ്പിന് താല്പര്യം പ്രകടിപ്പിച്ച് ചില കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു.
രണ്ടു ദിവസത്തിനകം ചര്‍ച്ച നടന്നേക്കുമെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോസഫ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ജോജു കക്ഷി ചേര്‍ന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുമായി മുന്നോട്ടുപോകുമ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്നു മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരേ മഹിളാ കോൺഗ്രസ് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല.
സംഘർഷസമയത്ത് ജോജു മാസ്ക് ധരിച്ചിരുന്നില്ലെന്ന പരാതിയിലും ഇതുവരെ കേസില്ല.
മുന്‍കൂര്‍ അനുമതി തേടിയശേഷമായിരുന്നു കോണ്‍ഗ്രസിന്റെ റോഡ് ഉപരോധമെന്നതിനാൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും വിമര്‍ശനവിധേയമായിട്ടുണ്ട്.