വടകര: കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രകൃതിയോടുള്ള ക്രൂരതയാണ് മുഖ്യവിഷയമെങ്കിലും വർഗീയതയും രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങളും അടക്കം എല്ലാവിധ ഹിംസാത്മക പ്രവർത്തനങ്ങൾക്കെതിരെയും സന്ധിയില്ലാ പോരാട്ടം ഉയർന്നുവരണമെന്ന് ജയ് ജഗത് – 2020 അന്താരാഷ്ട്ര കോർഡിനേറ്റർ ജിൽ കാർ ഹാരിസ് (കാനഡ) പറഞ്ഞു.
സബർമതി ഫൗണ്ടേഷൻ വടകരയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ മറുപടി പ്രഭാഷണം നടത്തുകയായിരുന്നു അവർ. മഹാത്മ ഗാന്ധിയുടെയും കസ്തൂർബയുടെയും നൂറ്റി അൻപതാമത് ജ·വാർഷികാചരണത്തിന്റെ ഭാഗമായി 2019 ഒക്ടോബർ രണ്ടിന് ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച് പതിനാലു രാജ്യങ്ങൾ കടന്ന് പദയാത്രയായി 2020 ഒക്ടോബറിൽ ജനീവയിൽ സമാപിക്കുന്ന ജയ് ജഗത് 2020 പരിപാടിയിൽ വടകരയിൽ നിന്ന് കഴിയാവുന്നവരെല്ലാം പങ്കെടുക്കണമെന്ന് അവർ അഭ്യർഥിച്ചു.
സി.കെ.നാണു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഭോപ്പാൽ അഡീഷണൽ ഡിജിപി അനുരാധ ശങ്കർ സിംങ്ങ്, അനീഷ് തില്ലങ്കേരി, അംജദ് പി.കെ, യതീഷ് മേത്ത, പുറന്തോടത്ത് സുകുമാരൻ, അഡ്വ. യു.പി. ബാലകൃഷ്ണൻ, പി.കെ.വൃന്ദ, ഷംസുദ്ദീൻ മുഹമ്മദ്, സവാദ് വടകര, സതീശൻ കുരിയാടി, സുബിൻ മടപ്പള്ളി, രജുലാൽ മാഹി, അംജദ് ഖാൻ എന്നിവർ സംസാരിച്ചു.