കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയുടെ തുടർ വികസനത്തിന് ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും കൈകോർക്കും. ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ ഉടലെടുത്ത പ്രതിസന്ധി ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, നഗരസഭാ ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പരിഹരിച്ചു.
ചർച്ചയിലെ ധാരണ പ്രകാരം 92 ലക്ഷം രൂപ ചെലവഴിച്ച് കാൻസർ കണ്ടെത്തുന്നതിനുള്ള മാമോഗ്രാം മെഷീൻ സ്ഥാപിക്കൽ, 20 ലക്ഷം മുടക്കി മോർച്ചറി നവീകരണം, ആറു ലക്ഷം മുടക്കി ജൻ ഒൗഷധി എന്നീ പദ്ധതികൾക്കുള്ള ഫണ്ട് നഗരസഭ ചെലവഴിക്കും. മൂന്നാം വാർഡിന്റെ നവീകരണവും വനിതാ കാന്റീൻ പദ്ധതിക്കുമുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് നല്‍കും. ഇതാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ.
സർക്കാർ ഉത്തരവ് പ്രകാരം ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറുന്നതിനും യോഗത്തിൽ തീരുമാനമായി.
ജനറൽ ആശുപത്രിയിൽ നഗരസഭ രണ്ടു കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ടെൻഡർ നടപടി പൂർത്തിയാക്കിയപ്പോഴാണ് ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
ഇതോടെ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വികസന പ്രവർത്തനം നടത്തണമോ എന്ന സംശയം ഉയരുകയും വിഷയം ചർച്ച ചെയ്യുന്നതിന് ഇന്നത്തെ നഗരസഭാ കൗണ്‍സിൽ വിഷയം അജണ്ടയായി ചേർക്കുകയും ചെയ്തു. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് എംഎൽഎയും ഡിസിസി പ്രസിഡന്റും മുൻകൈയ്യെടുത്ത് വിഷയം ചർച്ച ചെയ്ത് ധാരണയുണ്ടാക്കിയത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, നഗരസഭാ കൗണ്‍സിലർമാരായ എം.പി. സന്തോഷ്കുമാർ, ടി.സി.റോയി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് പള്ളിക്കുന്നേൽ, സനൽ കാണക്കാരി, ലീലാമ്മ ജോസഫ്, കെ.കെ.പ്രസാദ് എന്നിവർ പങ്കെടുത്തു.