സി.സി.സോമൻ
കോട്ടയം: കോട്ടയം ജനറൽ ആശുപത്രി നഗരസഭയുടെ കീഴിൽ നിന്ന് വീണ്ടും ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ ടെൻഡർ ചെയ്ത രണ്ടു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. അടുത്ത ഏഴിന് നടക്കുന്ന കോട്ടയം നഗരസഭാ കൗണ്‍സിൽ യോഗം ഈ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് നഗരസഭാ ചെയർപേഴ്സണ്‍ പറഞ്ഞത്.
അതായത് ടെൻഡർ പൂർത്തിയായ വികസന പ്രവർത്തനങ്ങൾ തുടരണോ വേണ്ടയോ എന്ന് കൗണ്‍സിൽ യോഗം തീരുമാനിക്കും. തങ്ങളുടെ അധികാര പരിധിയിൽ ഇല്ലാത്തതാണെങ്കിൽ പിന്നെ എന്തിനാണ് വികസനമെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ നഷ്ടം രോഗികൾക്കു തന്നെ.
ർഷങ്ങളായി ചോർന്നൊലിക്കുന്ന മൂന്നാം വാർഡിന്റെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയാണ് നഗരസഭയുടെ 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പാസാക്കിയത്. ആശുപത്രിയിൽ മാമോഗ്രാം മെഷീൻ വാങ്ങി പുതിയ കെട്ടിടം നിർമിച്ച് സ്ഥാപിക്കുന്നതിന് 92 ലക്ഷം രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു. മറ്റൊന്ന് ജൻഒൗഷധിക്കും വനിതാ കാന്റീനുമായി 30 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം നല്‍കിയിരുന്നു.
ഈ പദ്ധതികളുടെയെല്ലാം ടെൻഡർ പൂർത്തിയായതാണ്. സെലക്ഷൻ നോട്ടീസ് നല്കിയാൽ മതി. ഇതിനിടെയാണ് ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ട് ഗവണ്മെന്റ് ഉത്തരവായത്. അതിനാൽ അംഗീകരിച്ച് ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതികളുടെ ഭാവി തീരുമാനിക്കുന്നതിന് വിഷയം കൗണ്‍സിൽ യോഗത്തിൽ വച്ചിരിക്കുകയാണ്.
കൗണ്‍സിൽ തീരുമാനം എതിരായാൽ വാർഡ് നവീകരണവും ബ്ലഡ് കാൻസർ കണ്ടെത്തുന്നതിനുള്ള മാമോഗ്രാം മെഷീനും മറ്റു പദ്ധതികളുമെല്ലാം ജനറൽ ആശുപത്രിക്ക് നഷ്ടമാകും. അതേ സമയം 20 ലക്ഷം മുടക്കി മോർച്ചറി നവീകരിക്കുന്ന പദ്ധതി പൂർത്തിയായി. കെട്ടിടം അറ്റകുറ്റപ്പണി നടത്തി ആറ് ഫ്രീസർ യൂണിറ്റ് വാങ്ങി സ്ഥാപിക്കുകയും ചെയ്തു. ജനറൽ ആശുപത്രി നഗരസഭയ്ക്ക് കൈമാറുന്പോൾ വൈദ്യുതി കുടിശികയുണ്ടായിരുന്നു.
അത് അടച്ചു തീർത്തു. രണ്ടു മാസം നാല് ലക്ഷം രൂപയായിരുന്നു വൈദ്യുതി ചാർജ്. തനത് ഫണ്ട് ഉപയോഗിച്ചാണ് വൈദ്യുതി ചാർജ് അടച്ചിരുന്നതെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. ആശുപത്രിയുടെ അധികാരം നഗരസഭയിൽ നിന്ന് തിരിച്ചെടുത്ത സമയത്ത് സർക്കാർ ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നും ചെയർപേഴ്സണ്‍ വ്യക്തമാക്കി.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) യിൽ എടുക്കുന്ന തീരുമാനം നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്താണ് നടപ്പാക്കിയിരുന്നത്. ഇതോടെ എച്ച്എംസി കമ്മിറ്റികളുടെ പ്രാധാനം കുറഞ്ഞു. ഇതാണ് ആശുപത്രി വീണ്ടും ജില്ലാ പഞ്ചായത്തിന് കൈമാറാനുളള കാരണമെന്നാണ് പറയപ്പെടുന്നത്.