കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം മുന്നണിയിൽ ഉണ്ടാകില്ലെന്ന് യുഡിഎഫ് ജില്ലാ കണ്വീനർ ജോസി സെബാസ്റ്റ്യൻ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് സംസ്ഥാനനേതൃത്വം പറഞ്ഞതാണ്. രാജി വയ്ക്കണമെന്ന് ധാരണയുള്ളതാണ്. യുഡിഎഫ് സംസ്ഥാനനേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയതാണ്.
കോട്ടയത്തെ തീരുമാനമല്ല. ധാരണ ജോസ് വിഭാഗം പാലിക്കണം. ജോസ്, ജോസഫ് വിഭാഗങ്ങൾ ചില ആവശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. ജോസ് വിഭാഗം മുന്നണിയിൽ തുടരണമെങ്കിൽ രാജിവയ്ക്കുകയേ മാർഗമുള്ളു.
സ്, ജോസഫ് വിഭാഗങ്ങളെ മുന്നണിയിൽ ഉൾക്കൊള്ളിച്ചു മുന്നോട്ടു പോകുവാനാണു യുഡിഎഫിന്റെ ആഗ്രഹം. ഇരുകൂട്ടർക്കും കാര്യം വ്യക്തമായിട്ടുണ്ട്. യോജിപ്പിന്റെ മേഖല കണ്ടെത്തിയേക്കും. രാജിവച്ചാൽ ജോസഫ് വിഭാഗത്തിനു പ്രസിഡന്റു സ്ഥാനം നൽകും.
യുഡിഎഫ് തീരുമാനം നടപ്പാക്കിയില്ലെങ്കിൽ ജോസ് കെ. മാണി വിഭാഗം മുന്നണിയിൽ ഉണ്ടാകില്ലെന്നും ജോസി സെബാസ്റ്റ്യൻ പറഞ്ഞു.
പാർട്ടിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല: സെബാസ്റ്റ്യൻ കുളത്തുങ്കൽ
കോട്ടയം: പാർട്ടിയിൽ (കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം) രാജി സംബന്ധിച്ചു യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ.
രാജി സംബന്ധിച്ചു പാർട്ടി ആലോചിച്ചിട്ടില്ല. ഇന്നു ശനിയാഴ്ചയാണു ഓഫീസ് അവധിയാണ്. രാജി സമർപ്പിക്കണമെങ്കിൽ ഓഫീസിൽ അധികാരികൾ പോലുമില്ല. ചില മാധ്യമങ്ങളിലൂടെ തൽപരകക്ഷികൾ വസ്തുതാവിരുദ്ധമായ കഥകൾ പ്രചരിപ്പിക്കുകയാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
രാജിയിൽ യാതൊരു തീരുമാനവും ആയിട്ടില്ല: ജോസ് കെ. മാണി
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതു സംബന്ധിച്ച് യാതൊരു തീരുമാനവും ആയിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. പാർട്ടിയിൽ ഇതുസംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.