കോട്ടയം: ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇതുവരെ തോർന്നില്ല. മിക്കപ്രദേശങ്ങളും വെള്ളത്തിലാണ്. റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. കിഴക്കൻ മേഖലയിലും വെള്ളം കയറി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. പലകുടുംബങ്ങളും ദുരിതാശ്വാസക്യാന്പുകളിലേക്കു മാറിതുടങ്ങി. മഴയ്ക്കു ശമനം ഇല്ലാതായതോടെ ഇന്ന് പലകുടുംബങ്ങളും ദുരിതശ്വാസക്യാന്പുകളിലേക്കു മാറാനുള്ള ഒരുക്കത്തിലാണ്.
40 മണിക്കൂറായി തുടരുന്ന മഴയ്ക്കൊപ്പം കാറ്റും വീശിയടിക്കുന്നത് ദുരിതം ഇരട്ടിയാക്കി. ഇന്നു പുലർച്ചെയും ശക്തമായ കാറ്റാണ് വീശിയത്. പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. മാങ്ങാനം അരമനപ്പടിയ്ക്കുസമീപം വൈദ്യുതി ലൈനിലേക്കു മരം വീണു പോസ്റ്റ് റോഡിലേക്കു മറിഞ്ഞു.
ശക്തമായ മഴ ഇന്നലെ 24 മണിക്കൂർ പിന്നിട്ടപ്പോൾ 66 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുകയാണ്. മൂന്നു നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്നതോടെ കിഴക്കൻ മേഖല ഉരുൾ ഭീഷണിയിലാണ്. പ്രദേശത്തെ ജനങ്ങൾ ആശങ്കയിലും ഒപ്പം ജാഗ്രതയിലുമാണ്.
ഇന്നലെ വൈകുന്നേരം വരെ ഏഴു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇരുനൂറോളം കുടുംബങ്ങളാണ് ക്യാന്പിൽ താമസിക്കുന്നത്. കോട്ടയം താലൂക്കിൽ വേളൂർ സെന്റ് ജോണ്‍സ് സ്്കൂൾ, ചങ്ങാശേരി താലൂക്കിൽ ഗവണ്മെന്റ് എച്ച്എസ്, എൻഎസ്എസ് യുപി, വൈക്കം താലൂക്കിൽ കുലശേഖരമംഗലം വിദ്യാനികേതൻ, ഉദയനാപുരം ഇടയാടി ക്മ്മ്യൂണിറ്റി സെന്റർ, പ്രയാർ ഗവണ്മെന്റ് എൽപിഎസ് കല്ലറ ഗവണ്മെന്റ് വെൽഫെയർ സെന്റർ എന്നിവിടങ്ങളിലാണ് ക്യാന്പുകൾ തുറന്നത്.
കളക്്ടറേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും ദുരന്തനിവാരണ സേനയും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെ ലഭിച്ചത് റിക്കാർഡ് മഴയെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു.
എസി റോഡില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു
ചങ്ങനാശേരി: കനത്ത മഴയില്‍ ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിനു വീടുകള്‍ വെള്ളത്തിലായി. വൈദ്യുതി പോസ്റ്റുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്നു വിവിധ സ്ഥലങ്ങളില്‍ രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഇതോടെ ജനജീവിതം ഏറെ ദുരിതത്തിലായി.
ചങ്ങനാശേരി-ആലപ്പുഴ റോഡിലും കുട്ടനാട്ടിലെ വിവിധ റോഡുകളിലും വെള്ളം കയറിയതോടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇതോടെ കുട്ടനാടന്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളും വെള്ളത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പായിപ്പാട് പഞ്ചായത്തിലെ പൂവം, പെരുമ്പുഴക്കടവ്, നക്രാല്‍, അംബേദ്കര്‍ കോളനി ഭാഗങ്ങളിലെ ആയിരത്തിലേറെ വീടുകള്‍ വെള്ളത്തിലാണ്.
പല വീടുകളിലും ആഹാരംപോലും പാചകം ചെയ്യാനാവാത്ത അവസ്ഥയായതിനാല്‍ പട്ടിണിയും നേരിട്ടുതുടങ്ങിയിട്ടുണ്ട്.വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത്, മുളയ്ക്കാംതുരുത്തി, ചീരഞ്ചിറ, പുതുച്ചിറ, വടക്കേക്കര, കളമ്പാട്ടുചിറ ഭാഗങ്ങളിലെ നൂറുകണക്കിനു വീടുകള്‍ വെള്ളത്തിലായി.കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി കോളനിയിലെ നിരവധി വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്.
തൃക്കൊടിത്താനം പഞ്ചായത്തിലെ കൊക്കോട്ടുചിറ, മണിമുറി ഭാഗങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മാടപ്പള്ളി പഞ്ചായത്തിലെ ചേന്നമറ്റം, പാലമറ്റം, കൊഴുപ്പക്കളം ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു ജനജീവിതം ദുരിതത്തിലാണ്.
വാകത്താനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തെരുവേലിപ്പാലം ഭാഗത്ത് ഇരുപത് വീടുകള്‍ വെള്ളത്തിലാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൊടൂരാര്‍ കരകവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലാണ്. പുതുപ്പള്ളിക്കു സമീപം റോഡിലും വെള്ളം കയറിയിട്ടുണ്ട്.മാടപ്പള്ളി, വാഴപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്.
കോട്ടയം – പാലാ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു
ഏറ്റുമാനൂർ: തോരാതെ പെയ്യുന്ന പെരുമഴയിൽ ജനജീവിതം സ്തംഭിച്ചു. എവിടെയും വെള്ളപ്പൊക്കം, വെള്ളക്കെട്ട്. പ്രധാന റോഡുകൾക്കു പുറമേ ഗ്രാമീണ റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. രാവിലെ കോട്ടയം – പാലാ റോഡിൽ ബസ് സർവീസ് നിലച്ചു. ഏറ്റുമാനൂർ -പേരൂർ റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.
വീടുകളിൽ വ്യാപകമായി വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകളിലേക്ക് മരം വീണതിനെ തുടർന്ന് പല പ്രദേശങ്ങളിലും മണിക്കൂറുകളായി വൈദ്യുതി നിലച്ചിരിക്കുന്നു.ഏറ്റുമാനൂർ ടൗണിൽ പേരൂർകവലയിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയും റോഡുകളിൽ വെള്ളം കയറിയതോടെ റോഡ് ഗതാഗതം താറുമാറായി.
ആളുകളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുന്നു
കോട്ടയം: മഴയ്ക്കു ശമനമില്ലാതെ തുടരുന്നതിനാൽ വീടുകളിൽ വെള്ളം കയറിയതിനാൽ പല കുടുംബങ്ങളും ക്യാന്പുകളിലേക്കു മാറി. കുടുതൽ കുടുംബങ്ങൾ ക്യാന്പുകളെ ആശ്രയിക്കുവാൻ ഒരുങ്ങുകയാണ്. എട്ട് ക്യാന്പുകളിലായി 463 പേരാണു ഇന്നലെ വരെ ക്യാന്പിൽ എത്തിച്ചേർന്നത്.
142 വീടുകൾ തകർന്നതായി കണ്ട്രോൾ റൂം കണക്കുകൾ പറയുന്നു. കോട്ടയം-37, ചങ്ങനാശേരി-89, വൈക്കം-12, മീനച്ചിൽ-ഒന്ന് എന്നിങ്ങനെയാണു വീടുകളുടെ നഷ്ടം. വൈദ്യുതി ബോർഡിനു 45 ലക്ഷം രൂപ നഷ്്ടം കണക്കാക്കുന്നു. കോട്ടയത്ത് 18 ലക്ഷം, ചങ്ങനാശേരിയിൽ 12.5 ലക്ഷം, വൈക്കം 3.25 ലക്ഷം രൂപയാണ് വൈദ്യുതി വകുപ്പിനു നഷ്്ടം നേരിട്ടത്.
കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ
കോട്ടയം: ശക്തമായ മഴയിൽകിഴക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ തുടരുന്നു. പ്രദേശത്ത് വ്യാപകനാശം. കൂട്ടിക്കൽ, പാതാന്പുഴ, തീക്കോയി എന്നി പ്രദേശങ്ങളിൽ ഉരുൾ പൊട്ടി. ഇന്നു പുലർച്ചെയോടെയാണു ഉരുൾ പൊട്ടിയത്. തീക്കോയി 30 ഏക്കറിലാണു ഉരുൾ പൊട്ടിയത്.