കോട്ടയം: സമകാലിക കേരള രാഷ്ട്രീയത്തിൽ പുതിയ മുന്നണി സമവാക്യത്തിനു തന്നെ കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെന്ന് ഉറ്റു നോക്കി മുന്നണികളും പാർട്ടികളും. രണ്ടു ദിവസത്തിനകം ഫലം അറിയാമെങ്കിലും ശുഭാപ്തി വിശ്വാസത്തിലാണ് എല്ലാ മുന്നണികളും.
പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ജോസ് കെ. മാണിയുടെ കടന്നു വരവിനൊപ്പം തങ്ങളുടെ വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
പല വാർഡുകളിലും അട്ടിമറി വിജയം നേടുമെന്നും ചിലയിടത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.ഇത്തവണ വനിതാ സംവരണമാണ് പ്രസിഡന്റ് പദം.
അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഓരോ പാർട്ടികളും തങ്ങളുടെ സാരഥികൾക്കായുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞു. ഇതിനു പുറമേ ജില്ലയിലെ ബൂത്തുകളിൽനിന്നുള്ള കണക്കുകൾ ശേഖരിച്ച് വിലയിരുത്തലുകൾ നടത്തിവരികയാണ് പാർട്ടികൾ.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് യുഡിഎഫിനെ ഒരു തരത്തിലും ബാധിച്ചില്ലെന്നും 16 സീറ്റുകൾ വരെ യുഡിഎഫ് ജില്ലാ പഞ്ചായത്തിൽ നേടുമെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉറപ്പിക്കുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ ലഭിച്ച എട്ടു സീറ്റിലും വിജയിക്കുമെന്നാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിന്റെ അവകാശവാദം.
കോട്ടയം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിൽ ഭരണം ഉറപ്പിച്ച യുഡിഎഫ് പാലായിലും ചങ്ങനാശേരിയിലും ഒപ്പത്തിനൊപ്പമെത്തുമെന്നാണ് അവസാന കണക്കുകൂട്ടലിൽ പറയുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ ഇത്തവണ ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ ഭരണം സിപിഎം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്തിൽ 18 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. പാലാ ഉൾപ്പെടെ നാലു നഗരസഭകളിൽ ഭരണം ലഭിക്കുമെന്നും എൽഡിഎഫ് കണക്കു കൂട്ടുന്നു.
സിപിഐയും താഴേത്തട്ടിൽനിന്നുള്ള കണക്കുകൾ ശേഖരിച്ചു. ജില്ലാ പഞ്ചായത്തിൽ വാകത്താനം ഒഴികെ മൂന്നു സീറ്റിലും വിജയം ഉറപ്പിച്ച സിപിഐ വാകത്താനത്ത് ചിലപ്പോൾ അട്ടിമറിയുണ്ടായേക്കാമെന്നും സൂചന നൽകി.
പാലാ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ പോളിംഗ് ശതമാനം കുറഞ്ഞത് ഒരുതരത്തിലും ബാധിക്കില്ലെന്നും തങ്ങളുടെ വോട്ടുകൾ എല്ലാം പോൾ ചെയ്തെന്നുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദം.
പോളിംഗ് കുറഞ്ഞത് ഗ്രൂപ്പു വഴക്കുമൂലം കോണ്‍ഗ്രസുകാർ വോട്ടു ചെയ്യാത്തതു മൂലമാണെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ മത്സരിച്ച ഒന്‍പത് സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സണ്ണി തെക്കേടം പറഞ്ഞു.
ബൂത്തുകളിൽനിന്നുള്ള കണക്കുകൾ ലഭിച്ചതോടെ ബിജെപിയും എൻഡിഎയും വലിയ പ്രതീക്ഷയിലാണ്. ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറയുന്നു.
എട്ടു പഞ്ചായത്തുകളിൽ ഭരണം ഉൾപ്പെടെ 16 പഞ്ചായത്തുകളിൽ വലിയ മുന്നേറ്റവും ബിജെപി കണക്കുകൂട്ടുന്നു.
പൂഞ്ഞാർ ഡിവിഷൻ ഉൾപ്പെടെ നാലു ഡിവിഷനുകളിൽ മത്സരിച്ച ജനപക്ഷവും വലിയ പ്രതീക്ഷയിലാണ്. പൂഞ്ഞാർ ഡിവിഷനിൽ ഷോണ്‍ ജോർജിന്റെ വിജയം ഉറപ്പിച്ച ജനപക്ഷം മറ്റു ഡിവിഷനുകളിൽ വലിയ മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്.