കോട്ടയം: ജില്ലാ പഞ്ചായത്തിൽ അധ്യക്ഷയാകുന്ന വനിതയാരെന്ന ആകാംക്ഷയിൽ കോട്ടയം. വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് കേരള കോണ്ഗ്രസ് എമ്മിനു പ്രഥമ പരിഗണന നൽകിയേക്കും.
അങ്ങനെയെങ്കിൽ കുറവിലങ്ങാട് ഡിവിഷനിൽനിന്നുള്ള കേരള കോണ്ഗ്രസ് എമ്മിലെ നിർമല ജിമ്മിക്കാണ് സാധ്യത. കെ.വി. ബിന്ദു. മഞ്ജു സുജിത്ത് എന്നിവരുടെ പേരുകളാണ് സിപിഎം മുന്നോട്ടുവെയ്ക്കുക.
സിപിഐയ്ക്കു സാധ്യത തെളിഞ്ഞാൽ പി.എസ്. പുഷ്പമണിയുടെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഉയരുന്നത്. അതേ സമയം പ്രസിഡന്റ് പദവി സിപിഎമ്മും കേരള കോണ്ഗ്രസ് എമ്മും നിശ്ചിത കാലാവധിയിൽ പങ്കുവച്ചേക്കുമെന്നു സൂചനയുണ്ട്.
ആദ്യ ടേം കേരള കോണ്ഗ്രസ് എമ്മിനു ലഭിച്ചേക്കും. അങ്ങനെയെങ്കിൽ നിർമല ജിമ്മി പ്രസിഡന്റാകും. ജില്ലാ പഞ്ചായത്ത് മുൻവൈസ്പ്രസിഡന്റ് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലെ മേരി സെബാസ്റ്റ്യനെയാണ് നിർമല ജിമ്മി പരാജയപ്പെടുത്തിയത്.
മുന്പ് രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന നിർമല ജിമ്മി 2013 മുതൽ 2015 വരെ പ്രസിഡന്റുമായിരുന്നു. സിപിഎമ്മിനു ഒരു ടേം പ്രസിഡന്റ് പദവി കിട്ടിയാൽ കുമരകം ഡിവിഷനിലെ കെ.വി. ബിന്ദുവാണ് ആദ്യം പ്രസിഡന്റാകുന്നത്.
ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ് ബിന്ദു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ അംഗമായി പ്രവർത്തിച്ചിട്ടള്ളതു ബിന്ദുവിന്റെ സാധ്യത ഉയർത്തുന്നു.