കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്ഗ്രസ് എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകുന്നു.
കേരള കോണ്ഗ്രസ് എം ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്നു രാജിവയ്ക്കുമെന്നാണ് കോണ്ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജിമോൻ മഞ്ഞക്കടന്പൻ പറഞ്ഞു.
ഇന്നു രാജിവച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കാമെന്നും കോണ്ഗ്രസ് നേതൃത്വം തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ യുഡിഎഫ് നിർദേശ പ്രകാരം ഷിബു ബേബി ജോണ് ജോസ് കെ.മാണി വിഭാഗവുമായി ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയിൽ ജോസ് വിഭാഗം മുന്നോട്ടു വച്ച ഒരു നിർദേശങ്ങളും അംഗീകരിക്കില്ലെന്നു സജിമോൻ മഞ്ഞക്കടന്പൻ വ്യക്തമാക്കി. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിവരെ പ്രശ്ന പരിഹാരത്തിനു കാത്തിരിക്കണം.
കോവിഡ് കാലത്ത് തിരക്കിട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതു പൊതുജനത്തിനു നേട്ടമാകില്ല. അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഇപ്പോൾ തന്നെ രേഖാമൂലമുള്ള ഉടന്പടി എഴുതി നൽകാം.
കേരള കോണ്ഗ്രസ് എമ്മിനു ലഭിക്കുന്ന പ്രസിഡന്റ് സ്ഥാനത്തിൽ ആദ്യ പരിഗണന ജോസഫിനു നൽകാമെന്നും ഉടന്പടിയിൽ ചേർക്കാമെന്നുമാണ് ചർച്ചയിൽ ജോസ് വിഭാഗം മുന്നോട്ട് വച്ചത്.
എന്നാൽ ഈ നിർദേശങ്ങളും പുതിയ ഫോർമുലയും അംഗീകരിച്ചു മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും കോവിഡ് പ്രശ്നങ്ങളുള്ളതു കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സാധിക്കില്ലെന്നു പറയുന്നത് ശരിയായ നടപടിയല്ലെന്നും സജിമോൻ മഞ്ഞക്കടന്പൻ രാഷ്്ട്രദീപികയോട് പറഞ്ഞു.
അതേസമയം ജോസഫ് വിഭാഗം കൊണ്ടുവരുന്ന അവിശ്വാസത്തെ പിൻതുണയ്ക്കാൻ ഒരു കാരണവശാലും കോണ്ഗ്രസ് പാർട്ടി തയാറാകില്ലെന്ന് ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.
ജോസ് കെ. മാണി വിഭാഗത്തോട് ഇത്തരത്തിൽ മുഖം തിരിക്കുന്ന നടപടി സ്വീകരിക്കാൻ കോണ്ഗ്രസ് നേതൃത്വത്തിനു സാധിക്കില്ല. ഇന്നലെ ജോസ് കെ. മാണിയുമായി ഷിബു ബേബി ജോണ് നടത്തിയ ചർച്ചയിൽ മുന്നോട്ട് വച്ച നിർദേശങ്ങളിൽ ഉറച്ചു നില്ക്കുമെന്നും വീട്ടുവീഴ്ചയ്ക്കു തയാറെല്ലെന്നും സണ്ണി തെക്കേടം രാഷ്്ട്രദീപികയോട് പറഞ്ഞു.