കണ്ണൂർ: ജില്ലാ ആശുപത്രിക്ക് മുന്നിലൂടെ മൂക്ക് പൊത്താതെ നടക്കാൻ പറ്റില്ല. ആശുപത്രിക്ക് മുന്നിലുള്ള റോഡിന്റെ കിഴക്കുഭാഗത്തുള്ള ഓടയിലൂടെ മലിനജലത്തിനൊപ്പം മനുഷ്യമൂത്രവും ഒഴുകുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ദിവസേന 1200 മുതൽ 1500 വരെയുള്ളവർ ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ വരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരെ കൂടാതെ ആശുപത്രിയിലുള്ള രോഗികളുടെ ക്ഷേമം അന്വേഷിച്ചുവരുന്നവരുടെ എണ്ണം ഇതിലും അധികം വരും. ഇത്രയധികം പേർ വന്നെത്തുന്ന ആശുപത്രിയുടെ പ്രധാനകവാട ഭാഗത്തിലൂടെ പോകാൻ മൂക്കുപൊത്തിയാൽ മാത്രമേ സാധിക്കു.
ജില്ലാ ആശുപത്രിക്ക് സമീപത്തെ ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയിൽ നിന്നുമാണ് ഇവിടേക്ക് മലിനജലം ഒഴുകിവരുന്നത്. ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയിൽ നിന്നും പൈപ്പുകൾ ലീക്കായും മലിനജലം ഓടയിൽ വരുന്നുണ്ട്. ഇത് ഒഴുകിപോകുന്ന പ്രദേശങ്ങളിലെല്ലാം ദുർഗന്ധമാണ്. ജില്ലാ ആശുപത്രിയുടെ മുൻവശത്ത് കൂടെ ഗണപതി കോവിലിനു ചേർന്നു മലിനജലം ഒഴുകി ആയിക്കര റോഡ് വരെ പോകുകയാണ്. ഈ വഴികളെല്ലാം ദുർഗന്ധമാണെന്ന് പരിസരവാസികളും കടക്കാരും പറയുന്നു.
ആശുപത്രിക്ക് സമീപമുള്ള ബസ്സ്റ്റാൻഡിൽ നൂറുകണക്കിന് യാത്രക്കാർ എത്താറുണ്ട്. കൂടാതെ ബസ് ജീവനക്കാരും നിരവധിയാണ്. ഇവർ ബസ്സ്റ്റാൻഡിലുള്ള മൂത്രപ്പുരയാണ് ഉപയോഗിക്കാറ്. ഇത്രയും ആളുകൾ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ അറ്റകുറ്റപണികൾ നടത്താനോ മലമൂത്ര വിസർജങ്ങൾ സെപ്റ്റിക് ടാങ്കിന് പുറത്തേക്ക് ഒഴുകുന്നത് തടയാനോ ശ്രമിക്കാറില്ല. കന്റോൺമെന്റിന്റെ അധീനതയിലുള്ള സ്ഥലത്താണ് ബസ്സ്റ്റാൻഡ്. അതുകൊണ്ട് തന്നെ ടോയ്ലറ്റിന്റെ നടത്തിപ്പ് ടെൻഡർ വിളിച്ചുനൽകുന്നത് കന്റോൺമെന്റാണ്. മൂത്രമൊഴിക്കാൻ രണ്ടു രൂപയാണ് ചാർജ് ഈടാക്കുന്നത്. സ്ത്രീകൾക്കു പ്രത്യേകം മൂത്രപ്പുരയുമുണ്ട്.
മഴക്കാലം ആരംഭിക്കുന്നതോടെ മലിനജലം പരന്നൊഴുകി പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്താൻ പോകുന്ന ജില്ലാ ആശുപത്രി പരിസരം ദുർഗന്ധപൂർണമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.