ബാബു ചെറിയാൻ
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരകേസിൽ ഒടുവിലത്തെ ഇരയായ സിലി സെബാസ്റ്റ്യനെ (43) ഇല്ലാതാക്കാൻ മുഖ്യപ്രതി ജോളി ഏറ്റവുമൊടുവിൽ സയനൈഡ് ചേർത്ത ഭക്ഷണം നൽകിയത് സ്വന്തം വീട്ടിൽനിന്ന്. താമരശേരിയിലെ വിവാഹസത്ക്കാരത്തിനിടെ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുനൽകി എന്നായിരുന്നു ജോളി ഇതുവരെ പറഞ്ഞിരുന്നത്.
എന്നാൽ ഇത് കളവാണെന്നും ഹാളിൽനിന്നല്ല മറിച്ച് ജോളിയുടെ വീട്ടിൽനിന്നുതന്നെയാണ് അമ്മ ഏറ്റവുമൊടുവിൽ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകൻ പൊലിസിനോടു വെളിപ്പെടുത്തി. മുൻപ് രണ്ട് തവണ പരാജയപ്പെട്ട ഉദ്യമം വിജയിപ്പിക്കാൻ ജോളി സിലിക്ക് അവസാനദിവസം മൂന്നുതവണ സയനൈഡ് നൽകിയതായി പോലീസ് കണ്ടെത്തി.
സിലിയുടെ ഏകമകൻ പത്താംക്ളാസുകാരൻ നൽകിയ മൊഴി കേസിൽ നിർണായകതെളിവായി മാറുകയാണ്. സിലിയുടെ ഇളയമകൾ ആൽഫൈനെ 2014 മേയ് ഒന്നിന് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകി ജോളി കൊലപ്പെടുത്തിയിരുന്നു.
2016 ജനുവരി 11ന് പൊന്നാമറ്റത്തിൽ കുടുംബത്തിലെ ബന്ധുവിന്റെ വിവാഹ സത്ക്കാരം താമരശേരിയിൽ നടന്ന ദിവസം ജോളിയുടെ വീട്ടിൽവച്ച് ഒരുതവണയും പിന്നീട് താമരശേരിയിലെ ദന്താശുപത്രിയിൽ വച്ച് രണ്ടുതവണയും സിലിയ്ക്ക് ജോളി സയനൈഡ് നൽകിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.
മകൻ പോലീസിനു നൽകിയ മൊഴിയിലെ കാതലായ ഭാഗങ്ങൾ: കൂടത്തായിയിൽ നിന്ന് മക്കൾക്കൊപ്പം ജോളി കാർ ഡ്രൈവ് ചെയത് പുലിക്കയത്തെ വീട്ടിലെത്തിയാണ് സിലിയേയും തന്നേയും താമരശേരിയിലേക്ക് കൊണ്ടുപോയത്. അധ്യാപകനായ എന്റെ പിതാവ് ഷാജു സക്കറിയാസ് ഉച്ചയ്ക്ക് സ്കൂളിൽനിന്ന് സ്കൂട്ടറിൽ നേരെ താമരശേരിയിലെത്തുമെന്ന് പറഞ്ഞിരുന്നു.
സ്കൂളിൽ പോകേണ്ടതിനാൽ ജോളിയുടെ കാറിൽ വിവാഹത്തിനുപോയാൽ മതിയെന്ന് പിതാവ് ഷാജു അമ്മ സിലിയോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ജോളിയുടെ കാറിൽ ഞാനും അമ്മയും കയറി. ജോളിയുടെ മകനും കാറിലുണ്ടായിരുന്നു. താമരശേരിയിലെത്തി ദേവാലയത്തിനു മുന്നിൽ കാർ നിർത്താതെ താമരശേരിയിലെ ഡോ. അലക്സ് കോരയുടെ ദന്താശുപത്രിക്കുമുന്നിൽ കാർ പാർക്ക് ചെയ്തു.
ഇതിനിടെ ജോളിക്ക് ഒരു ഫോൺ വന്നു. അത്യാവശ്യമായി കൂടത്തായിയിലെ വീട്ടിലെത്തണമെന്നു പറഞ്ഞ ജോളി സിലിയേയും ഞങ്ങളേയും ഒപ്പം കൂട്ടി. വീട്ടിലേക്ക് തിടുക്കത്തിൽ കയറിപ്പോയ ജോളി പ്ളേറ്റിൽ ഫ്രൈഡ് റൈസ് കൊണ്ടുവന്ന് സിലിയ്ക്ക് നൽകി. അമ്മ ഇറച്ചി കഴിക്കാറില്ല. വിവാഹസത്കാരത്തിനു പോയാലും നീ ഇറച്ചി കഴിക്കില്ലല്ലോ അതിനാൽ ഇത് കഴിച്ചോളൂ എന്നുപറഞ്ഞാണ് ഫ്രൈഡ് റൈസ് അമ്മയ്ക്ക് കൊടുത്തത് . എന്നെയും കഴിക്കാൻ ക്ഷണിച്ചെങ്കിലും ഉടനെ വിവാഹസത്ക്കാരത്തിനു കഴിക്കാനുള്ളതല്ലേ എന്നുപറഞ്ഞ് കഴിച്ചില്ല.
ഈ സമയം ജോളി അടുക്കളയിൽനിന്ന് വെള്ളം കുപ്പിയിലാക്കി വാനിറ്റിബാഗിൽ വച്ചു. വീണ്ടും കാറിൽ താമരശേരിയിലെത്തി ഞങ്ങൾ കുട്ടികളെ ഹാളിനുമുന്നിൽ ഇറക്കി വീണ്ടും കാർ തൊട്ടടുത്ത ദന്താശുപത്രിയ്ക്കുമുന്നിൽ പാർക്കുചെയ്തു. ജോളിയും അമ്മയും ഹാളിലേക്ക് പോയില്ല. ഇതിനിടെ പിതാവ് ഷാജു സ്കൂട്ടറിൽ താമരശേരിയിലെത്തി ഹാളിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഞങ്ങൾക്കൊപ്പം തൊട്ടടുത്ത ദന്താശുപത്രിക്കുമുന്നിലെത്തി. ആസമയം ജോളിയും സിലിയും കാറിലിരിക്കുകയായിരുന്നു.
ഷാജു, സിലി, എന്നിവർക്കൊപ്പം ജോളി ആശുപത്രിയിലേക്ക് കയറിയപ്പോൾ മക്കൾ കാറിലിരുന്നാൽ മതി എന്നുപറഞ്ഞ് ജോളി താക്കോൽ തന്നു. വീഡിയോ ഗെയിം കളിയ്ക്കാനായി ജോളിയുടെ ഒരു ഫോണും തന്നു. ഗെയിം കളിച്ചുമടുത്തപ്പോൾ ഞാനും ജോളിയുടെ ഇളയമകനും ആശുപത്രിയിലേക്ക് കയറിചെന്നു. നിങ്ങൾക്ക് ദാഹിക്കുന്നില്ലേ ഐസ്ക്രീം കഴിച്ചോളു എന്നുപറഞ്ഞ് ജോളി കുറച്ചുപണം തന്നു.ഐസ്ക്രീം കഴിച്ച് തിരികെയെത്തിയപ്പോൾ അമ്മ ജോളിയുടെ മടിയിൽ കുഴഞ്ഞുകിടക്കുന്നതാണ് ഞാൻ കണ്ടത്.
വായിൽനിന്ന് നുരയും പതയും വന്നത് അപസ്മാരരോഗമാണെന്നു പറഞ്ഞ് ജോളി ഒരുഗുളിക അമ്മയുടെ വായിലേക്ക് ഇട്ടുകൊടുത്തു. തുടർന്ന് വാനിറ്റി ബാഗിലെ ചെറിയകുപ്പിയിൽ കരുതിയിരുന്ന വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തു.
വിവരമറിഞ്ഞ് വിവാഹ ഹാളിൽ നിന്ന് ഓടിയെത്തിയ അമ്മാവൻ സിജോ തൊട്ടുത്ത താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് അമ്മയെ കൊണ്ടുപോകാൻ അഭ്യർഥിച്ചപ്പോൾ പിതാവ് ഷാജുവും ജോളിയും എതിർത്തു. ഓമശേരി ആശുപത്രിയിലാണ് കുടുംബത്തിലെ എല്ലാവരേയും ചികിത്സിക്കുന്നതെന്നു പറഞ്ഞ് ഷാജുവും ജോളിയും മുൻകൈയെടുത്താണ് സിലിയെ അകലെയുള്ള ഓമശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. എളുപ്പമുള്ള കൂടത്തായി റോഡ് ഒഴിവാക്കി കൊടുവള്ളി-മാനിപുരം റോഡിലൂടെയാണ് ജോളി കാറോടിച്ചത്.
ഭക്ഷണത്തിലും അപസ്മാര രോഗത്തിനെന്ന പേരിൽ നൽകിയ ഗുളികയിലും കുടിയ്ക്കാൻ നൽകിയ കുപ്പിവെള്ളത്തിലും സയനൈഡ് കലർത്തിയതായി ജോളി മൊഴി നൽകിയിരുന്നു. സിലിയെ അപായപ്പെടുത്താൻ നേരത്തെ രണ്ടുതവണ ശ്രമിച്ചതായും ജോളി മൊഴി നൽകിയിട്ടുണ്ട്.
ഒരു തവണ വയറിനു സുഖമില്ലെന്നു പറഞ്ഞ് സിലി ഭക്ഷണം കഴിച്ചില്ല. അടുത്ത തവണ ഇതേവിധത്തിൽ ഭക്ഷണം നൽകിയപ്പോൾ സിലി കുഴഞ്ഞുവീണ് വായിൽനിന്ന് നുരയും പതയും വന്നു. അത് അപസ്മാര രോഗലക്ഷണമാണെന്ന് താനും ഷാജുവും പറഞ്ഞത് ബന്ധുക്കൾ വിശ്വസിച്ചതായും ഓമശേരി ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ ഇത് രേഖപ്പെടുത്തിയതായും ജോളി മൊഴി നൽകിയിരുന്നു.