ഒരു മലയാള മാസികയില്‍ വന്ന ജിലു ജോസഫ് എന്ന മോഡലിന്റെ മുലയൂട്ടല്‍ കവര്‍ ഫോട്ടോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുന്നു. പ്രസവിക്കാത്ത നടിയുടെ മുലയൂട്ടല്‍ ഫോട്ടോ വഴി മാതൃത്വത്തെക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റിംഗിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളതെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്.
ഒരു അമ്മ മുലയൂട്ടുമ്പോള്‍ തുറിച്ചു നോക്കുന്നവരല്ല മലയാളികളെന്നും കവര്‍ ഫോട്ടോയിലെ മോഡലിനെപ്പോലെ ഇങ്ങനെ ബ്ലൗസിന്റെ ഒരു വശം മുഴുവന്‍ താഴ്ത്തിയല്ല മലയാളികള്‍ മുലയൂട്ടുന്നതെന്ന വിമര്‍ശനവും ശക്തമായി ഉയരുകയാണ്. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ് മാസിക ഇത്തരമൊരു കാമ്പെയിനിന് തുടക്കമിട്ടത്.
മാസികയും കവര്‍ ഫോട്ടോയും വിവാദമായതോടെ ചിത്രത്തിലെ മോഡല്‍ ജിലു ജോസഫ് തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. അതിങ്ങനെയായിരുന്നു…
കുഞ്ഞിനെ മുലയൂട്ടുക എന്നത് ഒരു അമ്മയ്ക്കു മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഭ്രൂണാവസ്ഥമുതല്‍ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്ന്, ഒമ്പതുമാസത്തിനു ശേഷം ഒരുപാട് വേദനിച്ച് ആ കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒരമ്മയ്ക്ക് തിരിച്ചു ലഭിക്കുന്ന ഒരു ഗിഫ്റ്റ്. അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വഭാവികത വരുന്നത്. ഇതു വളരെ സ്വാഭാവികമായൊരു കാര്യമാണ് എന്ന് ആദ്യം സ്ത്രീകള്‍ മനസ്സിലാക്കണം.
പക്ഷെ എങ്ങിനെയൊക്കെയോ നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് അതിനെ നാണിക്കാനും ഭയക്കാനുമാണ്, അല്ലേ? ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഈ ക്യാംപെയിനില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. എന്തിനേയും ലൈംഗികത കലര്‍ത്തി കാണുന്നിടത്താണ് പ്രശ്നം. ഇതൊരു സൗന്ദര്യമുള്ള കാര്യമല്ലേ കൂട്ടുകാരെ, അതില്‍ എന്തു തെറ്റാണുള്ളത്? ഏതു ദൈവമാണ് കോപിക്കുന്നത്? ഉള്ളിന്റെ ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും സത്യമറിയാം. ഭയം മാത്രമാണ് നമ്മളെ എന്തില്‍നിന്നും പിന്തിരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഭയമാണെങ്കില്‍ വിവാഹം പോലും കഴിക്കാത്ത ഞാന്‍ ഇതിന് അഭിമാനത്തോടെ തയ്യാറാവുന്നു.
എന്റെ മനസാക്ഷിക്ക് ശരി എന്നു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളേ ഞാന്‍ ചെയ്യാറുള്ളൂ. ഇതും അങ്ങനെ തന്നെയായിരുന്നു. എന്തിന്റെയും പോസിറ്റീവ് വശം കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇതിനെ ‘പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരപ്രദര്‍ശനം നടത്തി’ എന്ന പറഞ്ഞു പഴകിയ രീതിയില്‍ ചിന്തിക്കുമ്പോളേ തെറ്റായി തോന്നൂ. എന്തിനു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്നെനിക്കറിയാം.
പിന്നെ എന്തിനാണ് ടെന്‍ഷന്‍? ഇതിന്റെ പേരില്‍ എന്തുണ്ടായാലും വരുന്നിടത്തുവച്ചു കാണാം എന്നേ ഉള്ളൂ. എല്ലാ ദിവസവും രാവിലെ എണീറ്റ് ബാത്ത്റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്‌നത കണ്ടാല്‍ തീരുന്ന പ്രശ്നമേ മലയാളിക്ക് ഉള്ളൂ. എന്റെ ശരീരത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്റെ ശരീരം എന്റെ മാത്രം അവകാശമാണ്. നാട്ടുകാരുടെ പ്രതികരണം എന്തുതന്നെയായാലും എനിക്ക് പ്രശ്നമില്ല. നോക്കൂ, 18ാമത്തെ വയസ്സിലാണ് ഞാന്‍ എയര്‍ഹോസ്റ്റസ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. അന്നുമുതല്‍ സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്ന ഒരു സ്ത്രീക്ക് ഈ നാട്ടില്‍ എന്തെല്ലാം പേരുദോഷം കിട്ടാമോ, അതെല്ലാം എനിക്കുണ്ട്.
ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തത്, ഇഷ്ടമുള്ള വേഷം ധരിച്ചത്, രാത്രി യാത്ര ചെയ്തത്, ഇഷ്ടപ്പെട്ടയാളെ പ്രേമിച്ചത്, ഞാനായിട്ട് കണ്ടുപിടിച്ച ജോലി ഞാനായിട്ട് ഉപേക്ഷിച്ചത് എന്നു തുടങ്ങി എന്റെ പാപ്പി (അപ്പന്‍) മരിച്ചപ്പോള്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാത്തതുവരെ എന്റെ പേരുദോഷങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്. പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നതിനെല്ലാം എന്റെ മനസ്സാക്ഷിക്ക് ഉത്തരം ഉണ്ടെങ്കില്‍ മറ്റാര് എന്റെ പ്രവര്‍ത്തികളെക്കുറിച്ച് എങ്ങനെ വിലയിരുത്തിയാലും എനിക്ക് അതിനെ ഭയക്കേണ്ടതില്ലല്ലോ.