സെബി മാളിയേക്കൽ
കാലുകൊണ്ട് കാറോടിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇരുകൈകളുമില്ലാത്ത ഇരുപത്തിയേഴുകാരി ജിലു മരിയറ്റ് തോമസ്. ഇതോടെ ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെയും ഏഷ്യയിലെ മൂന്നാമത്തേയും വനിതയാകും ആർജവത്തിന്റെ ആൾരൂപമായ ഈ ഗ്രാഫിക് ഡിസൈനർ.
ഇരു കൈകളുമി ല്ലാതെ പിറന്നുവീണെങ്കിലും പ്രാരാബ്ദങ്ങളെയും പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി തന്റേതായ പന്ഥാവ് വെട്ടിത്തെളിച്ച ഈ മുടുക്കി ഭിന്നശേഷിക്കാർക്കും തുല്യനീതി വാഗ്ദാനം ചെയ്യുന്ന രാജ്യത്ത് നീതിക്കായി ഹൈക്കോടതിയിൽ ആഭയം തേടിയിരിക്കുകയാണ്.
അല്പം ഫ്ലാഷ് ബാക്ക്
ചിത്രരചനയും ഫോട്ടോഗ്രാഫിയും അല്പം നൃത്തവും ഉൾപ്പെടെ സാധാരണ യുവജനതയുടെ മാനറിസങ്ങളൊക്കെ കൈമുതലായ ബിരുദധാരിയായ ഈ മോട്ടിവേഷൻ സ്പീക്കർ കഴിഞ്ഞവർഷം ഒരു സ്കൂൾ വാർഷിക പരിപാടിയുടെ പ്രസംഗത്തിനിടെയാണ് തന്റെ അടുത്ത മോഹം കാലുകൊണ്ട് കാറോടിക്കണമെന്നതാണെന്നു വെളിപ്പെടുത്തിയത്.
അധ്യക്ഷനായിരുന്ന കുമളി സെന്റ് തോമസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് വയലുങ്കൽ ഉടൻതന്നെ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഷൈൻ വർഗീസിനെ പരിചയപ്പെടുത്തി. പിന്നെ എല്ലാം പെട്ടന്നായി. ലയൺസ് ക്ലബ് ഭാരവാഹികൂടിയായ അഡ്വ. ഷൈൻ കട്ടപ്പന ലയൺസ് ക്ലബിന്റെ വകയായി ഒരു സെലേരിയോ ഓട്ടോമാറ്റിക് വിഎക്സ്ഐ കാർ ജിലുവിനു സമ്മാനിച്ചു.
ഭിന്നശേഷിക്കാർക്കായി വാഹനങ്ങൾ ആൾട്ടർനേഷൻ ചെയ്തു നൽകുന്ന കേന്ദ്ര സർക്കാർ ലൈസൻസുള്ള കേരളത്തിലെ ഏക വ്യക്തിയായ കോട്ടയം മുക്കൂട്ടുതറ സ്വദേശി ബിജു വർഗീസിനെക്കൊണ്ട് കാറിൽ ചെറിയ മാറ്റങ്ങൾ വരുത്തി. വാഹനത്തിന്റെ രജിസ്ട്രേഷനായി തൊടുപുഴ ജോയിന്റ് ആർടി ഓഫീസിൽ അപേക്ഷ നൽകി.
അവഗണനയിലും തളരാതെ
വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി 2018 ഒക്ടോബർ മൂന്നിന് രാവിലെ പത്തോടെ തൊടുപുഴ ജോയിന്റ് ആർടി ഓഫീസിലെത്തിയ ജിലുമോൾക്ക് ലഭിച്ചതു പരിഹാസ ശരങ്ങളായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസെപ്കടർ ബെന്നി ജേക്കബ് പറഞ്ഞത്: “കൈയില്ലാത്തവർ കാറോടിക്കണ്ട; അതിനുള്ള നിയമമില്ല, വാഹനം ഞാൻ പരിശോധിക്കില്ല’ എന്നായിരുന്നു. ഇതുംപറഞ്ഞ് അദ്ദേഹം സ്ഥലംവിട്ടതോടെ ജോയിന്റ് ആർടിഒയെ കാര്യം ധരിപ്പിച്ചു.
മറ്റൊരു വെഹിക്കിൾ ഇൻസ്പെക്ടർ ഇപ്പോൾ വരും അദ്ദേഹം വണ്ടി പരിശോധിക്കുമെന്നായിരുന്നു മറുപടി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ബി. ആഷാകുമാർ എന്ന അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിക്കുകയും ചെയ്തു. ഒടുവിൽ വൈകിട്ടോടെ അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഇരുവരുടെയും സംയുക്ത റിപ്പോർട്ടെത്തി.
പാർക്കിംഗ് സമയത്ത് ഹാൻഡ് ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നില്ല, സ്റ്റിയറിംഗിന്റെ നിയന്ത്രണം വലതുകാൽ മാത്രം ഉപയോഗിച്ചാണ് നടത്തുന്നതെന്നും ഇത് ഇടത്തോട്ടോ വലത്തോട്ടോ വാഹനം പൊടുന്നനെ തിരിക്കേണ്ടിവരുന്പോൾ ഹോൺകൂടി അടിക്കാനാകില്ലെന്നും ഇത് അപകടത്തിനിടയാക്കിയേക്കാം എന്നു കാണിച്ചാണ് അപേക്ഷ തള്ളിയത്.
ഹൈക്കോടതി വിധി
ഇരുകൈകളുമില്ലാതെ കാറോടിക്കുന്ന ആദ്യ പുരുഷൻ മധ്യപ്രദേശ് ഇൻഡോർ സ്വദേശി വിക്രം അഗ്നിഹോത്രിക്കു വാഹനം രജിസ്റ്റർ ചെയ്തു നൽകിയതും ഡ്രൈവിംഗ് ലൈസൻസ് നൽകിയതും ചൂണ്ടിക്കാട്ടി വാഹന രജിസ്ട്രേഷനായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കൂടാതെ, തന്നെ അവഹേളിച്ച വെഹിക്കിൽ ഇൻസ്പെക്ടർ ബെന്നി ജേക്കബിനെതിരെ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷനും ജിലു പരാതി നൽകി. നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുകയാണ് ജിലുമോൾ.