കൊച്ചി: കാർ ഓടിക്കുകയെന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങുകയാണു ജന്മനാ ഇരുകൈകളുമില്ലാത്ത ജിലുമോൾ മരിയറ്റ് തോമസ്. തന്റെ പരിമിതികളെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു തോൽപ്പിച്ചു മുന്നേറുന്ന ജിലുമോൾ ഡ്രൈവിംഗും തനിക്കാവുമെന്നു തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. ഹൈക്കോടതിയുടെ അനുമതിയോടെയാണു ജിലുമോൾ വാഹനം ഓടിക്കാൻ പഠിക്കുന്നത്.
തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിന്റെ രണ്ടാമത്തെ മകളാണ് ജിലു. ഏതാനും വർഷം മുന്‍പു വാഹനം ഓടിക്കണമെന്ന ആഗ്രഹത്തിൽ ലൈസൻസ് നൽകുമോയെന്ന് അറിയാൻ തൊടുപുഴ ആർടിഒ ഓഫീസിലെത്തിയ ജിലുമോളെ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ച് അയച്ചിരുന്നു. തുടർന്നു കാർ ഓടിക്കാൻ പഠിക്കാനുള്ള അനുവാദത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായതിനെത്തുടർന്നു കഴിഞ്ഞമാസം വീണ്ടും തൊടുപുഴ ആർടിഒയെ സമീപിച്ച് ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷ നൽകി.
രൂപമാറ്റം വരുത്തിയ കാറുമായി വരാൻ ആർടിഒ നിർദേശിച്ചതോടെ ലയണ്‍സ് ക്ലബ് ജിലുമോളുടെ സ്വപ്നസാക്ഷാത്കാരത്തിനായി രംഗത്തെത്തി. ഹൈറേഞ്ച് ലയണ്‍സ് ടച്ച് ഓഫ് ലൈഫ് ആൻഡ് റീജിയണ്‍ ഒരു പുതിയ മാരുതി സെലേറിയോ കാർ ജിലുമോൾക്കു സമ്മാനിക്കാമെന്ന് അറിയിച്ചു. കാറിന്റെ താക്കോൽദാനം ഇന്നു രാവിലെ 11ന് ഇടപ്പള്ളിയിലെ സായി സർവീസിൽ നടക്കും. കാർ പിന്നീടു രൂപമാറ്റം വരുത്തി ജിലുമോൾക്ക് ഓടിക്കാൻ കഴിയുന്ന രീതിയിലാക്കും.
ഈ വാഹനത്തിൽ ഡ്രൈവിംഗ് പഠിച്ചശേഷം ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാനാണു തീരുമാനം. നിലവിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് കാറിൽ ജിലുമോൾ പരിശീലനം നടത്തുന്നുണ്ട്. ലൈസൻസ് കരസ്ഥാക്കി പൊതുനിരത്തിലൂടെ വാഹനം ഓടിക്കുന്പോൾ ഇരു കൈകളുമില്ലാതെ കാലുകൾകൊണ്ട് മാത്രം വാഹനം ഓടിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വനിതയും ഏഷ്യ ഭൂഖണ്ഡത്തിലെ ആദ്യ വനിതയുമെന്ന ഖ്യാതി ജിലുമോൾക്ക് സ്വന്തമാകും.
നാലാം വയസിൽ അമ്മയുടെ മരണശേഷം ചങ്ങനാശേരി ചെത്തിപ്പുഴയിലെ മേഴ്സി ഹോമിലാണ് ജിലുമോൾ വളർന്നത്. ചെറുപ്രായത്തിൽ തന്നെ ജിലുമോൾ കാലു കൊണ്ട് ചിത്രങ്ങൾ വരക്കുമായിരുന്നു. പഠനകാലത്ത് തന്നെ കാലു കൊണ്ട് കംപ്യൂട്ടറും പരിശീലിച്ചു.
എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉയർന്ന മാർക്കു നേടിയ ജിലുമോൾ ചങ്ങനാശേരി മീഡിയ വില്ലേജിൽനിന്ന് ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കി. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന വിയാനി പ്രിന്റിംഗിൽ ഗ്രാഫിക് ഡിസൈനറാണ് ജിലുമോൾ.