നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉദാഹരണമാണ് ജിലുമോള്‍ മരിയറ്റ് തോമസ് എന്ന പെണ്‍കുട്ടി. ആറു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത ഡ്രൈവിംഗ് ലൈസന്‍സ് പാലക്കാട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ കൈകള്‍ ഇല്ലാതെ കാലുകൊണ്ട് കാര്‍ ഓടിച്ച് ലൈസന്‍സ് എടുത്തുവെന്ന ചരിത്ര നേട്ടം കൂടിയായിരുന്നു അത്.
ചരിത്ര നേട്ടം
ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കുക എന്നത് ജിലുമോളുടെ വലിയ മോഹങ്ങളിലൊന്നായിരുന്നു. ജന്മനാതന്നെ ഇരുകൈകളുമില്ലാത്ത അവളുടെ അപേക്ഷ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ആര്‍ടിഒ ഓഫീസും നിരസിച്ചതോടെ നിയമപോരാട്ടത്തിനിറങ്ങി. ഹൈക്കോടതി ഇടപ്പെട്ടതോടെ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്റെ പരിഷ്കരിച്ച കാര്‍ ഓടിക്കാന്‍ ജിലുമോള്‍ക്ക് കഴിഞ്ഞു.
എന്നാല്‍ ലൈസന്‍സ് നല്കാന് ഉദ്യോഗസ്ഥര്‍ തയാറായില്ല. തുടര്‍ന്ന് വികലാംഗര്‍ക്കായുള്ള സംസ്ഥാന കമ്മീഷനെ ജിലുമോള്‍ സമീപിച്ചു. ഇരുകൈകളുമില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ ഏഷ്യാക്കാരിയായ ഇന്‍ഡോറില്‍ നിന്നുള്ള വിക്രം അഗ്നിഹോത്രിയുടെ ഉദാഹരണമാണ് കമ്മീഷന് എടുത്തുകാട്ടിയത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡിസംബറില്‍ പാലക്കാടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജിലുമോള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്കി.
വൈകല്യത്തില്‍ തളരാതെ…
തൊടുപുഴ സ്വദേശികളായ എന്‍.വി. തോമസ്-അന്നക്കുട്ടി ദമ്പതികളുടെ മകളായ ജിലുമോള്‍ക്ക് ജന്മനാ തന്നെ ഇരുകൈകളും ഉണ്ടായിരുന്നില്ല. നാലു വയസായപ്പോള്‍ രക്താർബുദത്തെ തുടർന്ന് ജിലുമോള്‍ക്ക് അമ്മയെ നഷ്ടമായി. എങ്കിലും ആ കുറവ് അറിയിക്കാതെ തോമസ് മകളെ വളര്‍ത്തി.
തന്റെ വൈകല്യത്തില്‍ ജിലുമോളും തളര്‍ന്നില്ല. മറ്റു കുട്ടികളെ പോലെ അവളും ഓരോരോ കാര്യങ്ങള്‍ ചെയ്തു. ചങ്ങനാശേരിയിലെ വികലാംഗര്‍ക്കായി എസ്ഡി സിസ്റ്റേഴ്സ് നടത്തുന്ന മേഴ്സി ഹോംസിലാണ് ജിലുമോളുടെ കുട്ടിക്കാലം. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിലുമോള്‍ എറണാകുളം സെന്റ് ജോസഫ് കോളജില്‍ നിന്ന് ആനിമേഷനിലും ഗ്രാഫിക് ഡിസൈനിംഗിലും ബിരുദം നേടി.
കംപ്യൂട്ടറുകളില്‍ എന്നും ആകൃഷ്ടയായ ജിലുമോള്‍ ഡിഗ്രി പഠനത്തിനുശേഷം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹത്താല്‍ ജോലി തേടി. ഏറെ ബുദ്ധിമുട്ടിയെങ്കിലും ആറു മാസത്തോളം സാന്തിസോഫ്റ്റ് ടെക്നോളജിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്ത അവര്‍ പിന്നീട് എറണാകുളത്തെ ഒരു ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പിന്നീട് വിയാനി പ്രിന്റിംഗില്‍ ജോലി ചെയ്തു. ഇപ്പോൾ ഫ്രീലാൻസ് ഡിസൈനറായി ജോലിനോക്കുകയാണ് ജിലുമോൾ
എന്നും മകള്‍ക്ക് താങ്ങും തണലുമായിരുന്ന പിതാവ് തോമസിനെ അഞ്ചു മാസം മുമ്പ് ജിലുമോൾക്ക് നഷ്ടമായി. ഹൃദ്രോഗത്തെ തുടർന്നാണ് പിതാവ് മരണമടഞ്ഞത്.
ചിത്രരചനയിലും മികവു തെളിയിച്ച്
ജിലുമോള്‍ക്ക് ചിത്രരചനയിലും കഴിവുണ്ടെന്ന് കണ്ടെത്തിയത് കന്യാസ്ത്രീകളായിരുന്നു. ബ്രഷ് കാല് വിരലുകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച് അവള് ചിത്രങ്ങള്‍ വരച്ചുതുടങ്ങി. അങ്ങനെ മനോഹരങ്ങളായ നിരവധി ചിത്രങ്ങള്‍ ജിലുമോള്‍ വരച്ചു. ചിത്രരചനയെ ഗൗരവമായെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. “എന്റെ ഭൂമി’യെന്ന കലാ വിദ്യാലയത്തില്‍ ജിലുമോള്‍ ചിത്രരചന പഠിച്ചു തുടങ്ങി.
അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ജിലുമോള്‍ പ്രകൃതിഭംഗികള്‍, നിശ്ചലദൃശ്യങ്ങള്‍. ഛായാചിത്രങ്ങള്‍ എന്നിങ്ങനെ 21 പെയിന്റിംഗുകള്‍ ജിലുമോള്‍ വരച്ചു. അടുത്തിടെ നടത്തിയ പ്രദര്‍ശനത്തിലെ ആദ്യ പെയിന്റിംഗ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ചിത്രീകരിക്കുന്നതായിരുന്നു. ജലച്ചായത്തില്‍ തീര്‍ത്ത ഗ്രാമീണ ദൃശ്യങ്ങള്‍, ഗാന്ധിയുടെയും കഥകളിയുടെയും ബുദ്ധന്റെയും ചിത്രങ്ങള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിലാണ് ജിലുമോൾ ഇപ്പോൾ താമസിക്കുന്നത്.
അമൃത തെരേസ സിബി