പാലാ: പിടികിട്ടാപ്പുള്ളി മിസ്റ്റർ കേരള അകത്ത്. രണ്ടുതവണ മിസ്റ്റർ കേരള ആയിട്ടുള്ള പാലാ കിഴതടിയൂർ സ്വദേശി ജോബി (ജിം ജോബി)യാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചയാളുമാണ്.
പാലാ മൂന്നാനിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്പോഴാണ് പോലീസ് പിടികൂടിയത്.
നിരവധി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളും ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ഇയാളെന്നു പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ പാലാ പോലീസ് സ്റ്റേഷനിലും മറ്റു പല സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. മുന്പ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്.
ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോബിയെ റിമാൻഡ് ചെയ്തു.
2007ൽ രണ്ടു കേസുകളും 2009ൽ മൂന്നു കേസുകളും 2010ൽ ഒരു കേസും പാലാ പോലീസ് സ്റ്റേഷനിലുള്ളതിൽ 2010ലെ കേസിലാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്.
പാലാ എസ്എച്ച്ഒ കെ.പി. തോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എസ്ഐ എം.ഡി. അഭിലാഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ജോഷി മാത്യു, അജിത് ചെല്ലപ്പൻ, ഹരി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.