സ്വന്തംലേഖകൻ
തൃശൂർ: മസിലുണ്ടാക്കാൻ, മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ തൃശൂരിലെ ജിംനേഷ്യം കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു. പടിഞ്ഞാറേകോട്ടയിലെ ഒരു ജിംനേഷ്യം കേന്ദ്രത്തിൽ നിന്നാണ് നിരോധിത മരുന്നുകൾ പിടിച്ചെടുത്തത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ ഒൗഷധ നിയമ പ്രകാരം ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കേസെടുത്തു. ഈ കേന്ദ്രത്തിൽ നിന്നും മരുന്നുകൾ കുത്തിവയ്ക്കുന്നതിനുപയോഗിക്കുന്ന സിറിഞ്ചുകളും പിടിച്ചെടുത്തു.
ശരീര പുഷ്ടിയുണ്ടാക്കുന്നതിനും മസിലുണ്ടാകുന്നതിനും വേണ്ടിയാണ് ജിംനേഷ്യം കേന്ദ്രത്തിൽ മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ നൽകി വരുന്നത്. പല ജിംനേഷ്യം കേന്ദ്രങ്ങളിലും ഇത്തരത്തിൽ മരുന്നുകൾ ഉപയോഗിക്കുന്നതായി സൂചന കിട്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് തൃശൂരിലെ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. നേരത്തെ എറണാകളത്തെ ജിംനേഷ്യം കേന്ദ്രത്തിൽ നിന്നും ഇത്തരം മരുന്നുകൾ പിടിച്ചെടുത്തിരുന്നു.
കോഴികളിലും പന്നികളിലുമൊക്കെ തൂക്കം കൂട്ടാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് മനുഷ്യ ശരീരത്തിൽ കുത്തി വയ്ക്കാൻ ഈ ജിംനേഷ്യം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്. മെത്തനോളൻ, ട്രെൻബൊലോൻ, കുതിരകൾക്ക് കൊടുക്കുന്ന സ്റ്റനസൊലോൾ എന്നീ മരുന്നുകളാണ് ഉപയോഗിച്ചിരുന്നത്.
കൂടാതെ ഗുളികകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ ഉപയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളും രോഗങ്ങളുമൊക്കെ പിടിപെടുന്ന മരുന്നുകളാണ് ഇവയെന്നു പറയുന്നു. ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത മരുന്നുകൾ ഇറക്കുമതി ചെയ്യാൻ പോലും പാടില്ല. എന്നാൽ ഓണ്ലൈൻ വഴിയാണ് ഈ മരുന്നുകൾ ഇവിടെയെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.