മലയാളി യുവാക്കളുടെ ഓണാഘോഷം ജിമിക്കി കമ്മൽ എന്ന ഗാനത്തോടൊപ്പമായിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചപ്പോൾ യുവാക്കളുടെ നൃത്തച്ചുവടുകളും അതോടൊപ്പം തരംഗമായി. ആ തരംഗം അലയടിച്ച് അമേരിക്കൻ ടെലിവിഷൻ അവതാരകനായ ജിമ്മി കിമ്മെലിന്റെ ശ്രദ്ധയും പിടിച്ചുപറ്റി.
വരികൾ തനിക്ക് മനസിലായില്ലെങ്കിലും ഗാനം ഇഷ്ടപ്പെട്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗാനം വൈറലായപ്പോൾ അണിയറ പ്രവർത്തകർതന്നെയാണ് ജിമിക്കി കമ്മൽ ചലഞ്ച് എന്ന ഹാഷ്ടാഗുമായി ഡാൻസ് ചലഞ്ച് ആവിഷ്കരിച്ചത്. യുവാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തു. 90 ലക്ഷത്തിലധികം വ്യൂവേഴ്സാണ് യുട്യൂബിൽ ജിമിക്കി കമ്മലിനു ലഭിച്ചതെങ്കിൽ അതിനൊപ്പം വ്യൂവേഴ്സുമായി ഡാൻസ് ചലഞ്ച് പ്രോഗ്രാമുകളും കുതിച്ചു. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർഥികൾ അവതരിപ്പിച്ച ജിമിക്കി കമ്മൽ വേർഷന് 49 ലക്ഷം വ്യൂവേഴ്സുണ്ട്.