സമീപകാലത്ത് യൂട്യൂബില് ഏറ്റവുമധികം വൈറലായ പാട്ടുകളിലൊന്നാണ് ജിമിക്കി കമ്മല്. വിദേശ രാജ്യങ്ങളില് നിന്നു പോലും കവര് വേര്ഷനുകളും, ഡാന്സുമൊക്കെയായി വന് സ്വീകാര്യതയാണ് ജിമ്മിക്കി കമ്മലിന് ലഭിച്ചത്. യൂട്യൂബില് കോടികണക്കിന് ആളുകള് ഈ പാട്ട് കണ്ടു. അങ്ങനെ യൂട്യൂബ് റിക്കാര്ഡുമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി യൂട്യൂബ് പണി പറ്റിച്ചത്. പാട്ട് യൂട്യൂബില് നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്.
ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷന് ചാനലിനായിരുന്നു. എന്നാല് യൂട്യൂബില് അപ്ലോഡ് ചെയ്തത് മറ്റൊരു കമ്പനിയായിരുന്നു. ഇവര്ക്കെതിരെ ചാനല് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിന്നാലെ പല പാട്ടുകളും ട്രെയിലറുകളും വന്നിരുന്നെങ്കിലും ജിമ്മിക്കി കമ്മലിന്റെ റിക്കാര്ഡ് തകര്ക്കാനായിരുന്നില്ല. ഷാന് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്ന്നാണ്. എന്തായാലും യൂട്യൂബിന്റെ ഈ തീരുമാനം കൊലച്ചതിയായിപ്പോയെന്നാണ് ജിമിക്കി കമ്മലിന്റെ ആരാധകര് ഒന്നടങ്കം പറയുന്നത്.