ജിമ്മിൽ പോയി വ്യായാമം ചെയ്തും വെയ്റ്റ് എടുത്തുമൊക്കെ മസിൽ പെരുപ്പിക്കുന്നവർ എല്ലാ നാട്ടിലുമുണ്ട്.
ചിലർക്ക് ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ മറ്റു ചിലർക്ക് മസിൽ പെരുപ്പിക്കുന്നത് ഒരു ഹോബിയും ലഹരിയുമാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും മടിക്കാത്തവർ നിരവധി.
എന്നാൽ, ജിമ്മിലെ വ്യായാമത്തിനിടെ ഉയർത്തിയ വെയ്റ്റ് താങ്ങാനാവാതെ മസിൽ കീറി മുറിഞ്ഞാലോ?
ഓർക്കുന്പോഴേ പേടിയാകുന്നുണ്ടോ? ദുബായിയിലെ ഒരു ജിംനേഷ്യത്തിൽനിന്നു പുറത്തു വന്നിരിക്കുന്ന ചില ദൃശ്യങ്ങൾ കണ്ടാൽ ആരുമൊന്നു ഞെട്ടും.
ജിമ്മിൽ പരിശീലനം നടത്തുന്നതിനിടയിൽ റയാൻ ക്രോളി എന്ന വ്യക്തിക്കാണ് അതീവ വേദനാജനകമായ അനുഭവമുണ്ടായത്. പരിശീലനം നടത്തുന്ന ബെഞ്ചിൽ മലർന്നു കിടന്നു കൈയിൽ ഭാരം ഉയർത്തുകയാണ് റയാൻ.
പരിശീലകനായ ലാറി വീൽസ് റാൻ ഉയർത്തുന്ന ഭാരം കൈയിൽനിന്നു വഴുതാതെ ശ്രദ്ധിച്ച് റയാന്റെ അരികിലുണ്ട്.
എത്ര കിലോ ഭാരമാണ് റയാൻ ഉയർത്തുന്നതെന്നു വീഡിയോയിൽനിന്നു വ്യക്തമാകുന്നില്ല. എങ്കിലും അത് 180 കിലോഗ്രാമിൽ കൂടുതലാണെന്നാണ് മനസിലാക്കാനാകുന്നത്.
റയാൻ ഭാരം പതിയെ നെഞ്ചിന്റെ ഭാഗത്തേക്കു കൊണ്ടുവരുന്നുണ്ട്. വീഡിയോയിൽ അതിനു വേണ്ടി റയാൻ ഏറെ പരിശ്രമിക്കുന്നുണ്ടെന്നു മനസിലാകും.
പക്ഷേ, റയാൻ തന്റെ പരിശ്രമം തുടരുകയാണ്. ഭാരം റയാന്റെ കണ്ണിനു മുകളിലേക്ക് എത്തുന്പോൾ പെക് മസിലുകൾ പൊട്ടിത്തെറിക്കുന്നതുപോലെ വശങ്ങളിലേക്കു തെന്നിമാറുന്നതു കാണാം.
ഇതോടെ വേദന സഹിക്കാനാകാതെ നിലവിളിച്ചുകൊണ്ട് ബെഞ്ചിൽനിന്നു റയാൻ ഇഴഞ്ഞു താഴേക്കു വീഴുന്നതു വീഡിയോയിൽ കാണാം. ഇതോടെ പരിശീലകൻ ലാറി ഭാരം താഴെ വീഴാതെ മുറുകെപ്പിടിക്കുന്നു.
എല്ലിൽ നിന്നും വിട്ടു പോയി
എല്ലിൽനിന്നു മസിൽ പേശികൾ വിട്ടുപോയ കാഴ്ചയാണ് വീഡിയോയിൽ കണ്ടത്. അടിയന്തരമായി ആശുപത്രിയിലേക്കു കൊണ്ടുപോയി. ദുബായിലെ കിംഗ്സ് കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതായും റയാൻ പറഞ്ഞു.
റയാന്റെ ശസ്ത്രക്രിയയ്ക്കുള്ള ഫണ്ട് സ്വരൂപിക്കാനായി ലാറി ഇൻസ്റ്റഗ്രാമിൽ ഒരു പേജ് ഉണ്ടാക്കിയിരുന്നു. യുകെ സ്വദേശിയായ റയാന്റെ ഇൻഷ്വറൻസ് ദുബായിയിലെ ചികിത്സയ്ക്ക് ഉപയോഗിക്കാനാകുമായിരുന്നില്ല.
അഞ്ച് ദിവസം മുന്പാണ് ഫണ്ട് റെയ്സറിനായി പേജ് ഉണ്ടാക്കിയത്. ഇതുവഴി 27, 81, 525.90 രൂപ സമാഹരിക്കാനായി. മൂന്നു ദിവസം മുന്പാണ് റയാന്റെ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് റയാൻ ഇൻസ്റ്റാഗ്രാമിൽ വിവരങ്ങൾ പോസ്റ്റ് ചെയ്തു:
ശസ്ത്രക്രിയ നാലു മണിക്കൂർ നീണ്ടു. എല്ലിൽനിന്നും പേശിയിൽനിന്നും ടെൻഡോണ് (ചലന ശേഷിയെ സഹായിക്കുന്ന ഞരന്പ്) വേർപെടുത്തിയ ശേഷം ഡോക്ടർക്ക് തന്റെ പെക്ക് പൂർണമായും പുനർനിർമിക്കേണ്ടിവന്നതിനാൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തു.
റയാൻ കൂട്ടിച്ചേർത്തു: എന്റെ മസിൽ പേശികളിൽ കീറലുണ്ടായിരുന്നു. അസ്ഥികൾ കട്ടിയുള്ളതായതിനാൽ ടെൻഡോണ് പുനഃസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ പൊട്ടിപ്പോകാൻ കാരണമായി. ആശുപത്രി വിട്ട് ഇപ്പോൾ ദുബായിലെ ഒരു ഹോട്ടലിൽ വിശ്രമിക്കുകയാണ് റയാൻ.
തിരിച്ചു വരാനുള്ള ശ്രമം
തന്നെ ചികിത്സിച്ച മെഡിക്കൽ സ്റ്റാഫിനു നന്ദി പറഞ്ഞ റയാൻ മാനസികമായും ശാരീരികമായും വേദനാജനകമായ അവസ്ഥയായിരുന്നുവെന്നും പറഞ്ഞു.
തുടർന്ന് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു: ഞാൻ ഇപ്പോഴും വളരെയധികം വേദനയിലാണ്.
എന്റെ ശരീരം മുഴുവൻ വീർത്തിരിക്കുകയാണ്. അതായത് എന്റെ കാൽവിരലുകൾ മുതൽ കൈകളെല്ലാം വീർക്കുന്നു, എന്റെ വയറും വീർത്തിരിക്കുന്നു. അക്ഷരാർഥത്തിൽ ഒരു ചാക്ക് ദ്രാവകവും വീക്കവുമുണ്ട് എന്റെ ശരീരത്തിൽ.
വീണ്ടെടുക്കലിനുള്ള യഥാർഥ വഴി ഇപ്പോൾ മുതൽ ആരംഭിക്കുകയാണ്. ഈ കൈ എന്റെ ദൈനംദിന ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ഞാൻ പിന്തുടരേണ്ട ഒരു വലിയ പദ്ധതിയുണ്ട്. അതിനു ശേഷം മാത്രമേ ഇനി ജിമ്മിലേക്കു മടങ്ങാനാകൂ.